പത്തനംതിട്ട: മരണ മുഖത്ത് നിന്നും ജീവൻ തിരികെ ലഭിച്ച ആശ്വാസത്തിൽ പടയനിപ്പാറ സ്വദേശി സുരേഷ്. വീടിന്റെ വരാന്തയിൽ എത്തിയ കടുവയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് സുരേഷ് രക്ഷപ്പെട്ടത്. ഇന്നലെ പുലർച്ചെയോടെയായിരുന്നു സുരേഷിന്റെ വീടിന്റെ വരാന്തയിൽ കടുവ എത്തിയത്.
രാവിലെ ഉറക്കമുണർന്ന് വീടിന്റെ മുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു സുരേഷ്. ഇതിന് ശേഷം തിരിച്ച് കേറുമ്പോഴാണ് വീടിന്റെ വരാന്തയിൽ കേഴമാനിനെയും കടുവയെയും കാണുന്നത്. സുരേഷിനെ കണ്ട കേഴ വീടിന്റെ മുറ്റേത്ത് ചാടി. ഇതിന് പിന്നാലെ കടുവയും. തുടർന്ന് സുരേഷിന്റെ ബന്ധു സോമരാജന്റെ വീട്ടുമുറ്റത്തു കൂടി റബ്ബർ തോട്ടത്തിലേക്ക് കടുവ ഓടുകയായിരുന്നു.
കടുവയെ കണ്ടതോടെ സുരേഷ് നിലവിളിച്ചു. ഈ ബഹളം കേട്ട് ആളുകൾ ഓടിയെത്തിയപ്പോഴേയ്ക്കും കടുവ ഓടിമറഞ്ഞു. കേഴമാനിനെ വേട്ടയാടിയാണ് കടുവ ഇവിടെ എത്തിയത് എന്നാണ് വിവരം.
സുരേഷ് വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് എത്തി സ്ഥലത്ത് പരിശോധന നടത്തി. വീടിന്റെ പരിസരത്തായി രാത്രി വനപാലകരെ നിയോഗിച്ചിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും വനംവകുപ്പ് വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവിടെ കടുവയുടെ സാന്നിദ്ധ്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന് പുറമേ കാട്ടാനയുടെ ശല്യവും രൂക്ഷമാണ്. കടുവ വീടിന്റെ മുറ്റംവരെ എത്തിയ സാഹചര്യത്തിൽ വലിയ ഭയമാണ് പ്രദേശവാസികളിൽ ഉള്ളത്. ഇനിയും കാടിറങ്ങി കടവു ജനവാസ മേഖലയിൽ എത്താനാണ് സാദ്ധ്യതയെന്നും ആളുകൾ പറഞ്ഞു.











