തിരുവനന്തപുരം : പതിനേഴുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് മയക്കുമരുന്ന് നൽകിയതിനാലാണെന്ന് പരാതി. പെരുമാതുറ തെരുവിൽ വീട്ടിൽ സുൽഫിക്കർ-റജില ദമ്പതിമാരുടെ മകൻ ഇർഫാൻ (17) ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചത്. ചില സുഹൃത്തുക്കൾ ചേർന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചുവെന്ന് ഇർഫാൻ പറഞ്ഞിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ ഇർഫാനെ ഒരു സുഹൃത്ത് വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയിരുന്നു. ഏഴുമണിയോടെ ഒരാൾ ഇർഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ചു കടന്നു കളഞ്ഞു. വീട്ടിലെത്തിയ ഇർഫാൻ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച. ഛർദ്ദിക്കാൻ ആരംഭിച്ചതോടെ സമീപത്തെ ആശുപത്രിയിലെത്തിച്ചു.
ഇർഫാൻ ഏതോ ലഹരിവസ്തു ഉപയോഗിച്ചതായി ഡോക്ടറോടും പറഞ്ഞിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം രാത്രിവീട്ടിൽ മടങ്ങിയെത്തി. എന്നാൽ പുലർച്ചെയോടെ സ്ഥിതി വീണ്ടും വഷളായി. തുടർന്ന് മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴേക്കും ഇർഫാൻ മരിച്ചു. കുടുംബത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൃത്യമായ മരണകാരണം വ്യക്തമാകുകയുള്ളു.
Discussion about this post