മുംബൈ: വിമാനത്തിനുള്ളിൽ വച്ച് സഹയാത്രക്കാരേയും ജീവനക്കാരേയും അസഭ്യം പറയുകയും മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയും ചെയ്ത രണ്ട് പേർ അറസ്റ്റിൽ. ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരായ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്ത്. മുംബൈയിൽ വിമാനം ലാൻഡ് ചെയ്ത ഉടനെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബുധനാഴ്ചയാണ് സംഭവം.
പാൽഘർ, കോലാപൂർ സ്വദേശികളാണ് അറസ്റ്റിലായവർ. ദുബായിൽ ജോലി ചെയ്യുന്ന ഇരുവരും അവധിക്കായാണ് നാട്ടിലേക്ക് തിരിച്ചത്. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് വാങ്ങിയ മദ്യമാണ് വിമാനത്തിൽ കയറിയ ശേഷം ഇവർ കുടിച്ചത്. സഹയാത്രികർ ഇത് ചോദ്യം ചെയ്‌തെങ്കിലും, ഇരുവരും ചേർന്ന് പ്രശ്‌നമുണ്ടാക്കുകയായിരുന്നു.
തടയാനെത്തിയ ജീവനക്കാരേയും ഇരുവരും ചേർന്ന് കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു. വിമാനത്തിനുള്ളിലൂടെ നടന്ന് മദ്യപിക്കാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ ഇവരുടെ കൈവശമുണ്ടായിരുന്ന മദ്യക്കുപ്പികൾ എടുത്ത് മാറ്റുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിമാനത്തിനുള്ളിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയതിന്റെ പേരിൽ ഈ വർഷം രജിസ്റ്റർ ചെയ്യുന്ന ഏഴാമത്തെ കേസാണ് ഇതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Discussion about this post