ന്യൂഡൽഹി: മോദി സമുദായത്തെ അധിക്ഷേപിച്ച സംഭവത്തിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സൂറത്ത് കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി നേതാവും ബീഹാറിൽ നിന്നുള്ള രാജ്യസഭാ എംപിയുമായ സുശീൽ മോദി. ” കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഞാനും ഒരു മോദിയാണ്. രാഹുൽ ഗാന്ധിയുടെ പരാമർശം എനിക്ക് വളരെ അപമാനമായി തോന്നിയെന്നും, ദു:ഖമുണ്ടാക്കിയെന്നും” സുശീൽ മോദി പറഞ്ഞു.
രാഹുലിനെതിരെ പാട്‌നയിൽ താനും മാനനഷ്ടക്കേസ് നൽകിയിട്ടുണ്ട്. നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുശീൽ മോദി വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോടതികളിൽ രാഹുൽ വിവിധ കേസുകൾ നേരിടുന്നുണ്ടെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ ഹർനാഥ് സിംഗ് യാദവ് പറഞ്ഞു. രാഹുൽ വൈകാതെ തന്നെ ജയിലിൽ പോകേണ്ടി വരുമെന്ന് ഹർനാഥ് കൂട്ടിച്ചേർത്തു.
2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് കാലയളവിൽ കർണാടകയിൽ കോലാറിൽ വച്ച് നടത്തിയ വിവാദ പ്രസംഗമാണ് രാഹുലിനെതിരായ കേസിന് ആധാരം. കള്ളന്മാരുടെ പേരിനൊപ്പം മോദി എന്ന പേര് എങ്ങനെ വരുന്നുവെന്നായിരുന്നു രാഹുൽ പറഞ്ഞത്. ഇത് മോദി സമുദായത്തെ ആകെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മുൻ മന്ത്രിയും സൂറത്തിൽ നിന്നുള്ള എംഎൽഎയുമായ പൂർണേഷ് മോദി നൽകിയ പരാതിയിലാണ് ഇപ്പോൾ കോടതി വിധി പറഞ്ഞത്. തനിക്കും വ്യക്തിപരമായി മാനഹാനി ഉണ്ടാക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെന്നും പൂർണേഷ് മോദി പറഞ്ഞിരുന്നു.
രണ്ട് വർഷത്തെ തടവ് ശിക്ഷയാണ് രാഹുലിന് കോടതി വിധിച്ചത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ 30 ദിവസത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്. കോടതിയിൽ നിന്ന് തന്നെ രാഹുൽ ജാമ്യം നേടിയിട്ടുണ്ട്. അതേസമയം കോടതി വിധിയിൽ പിഴവുകൾ ഉണ്ടെന്നും അപ്പീൽ പോകുമെന്നും രാഹുലിന്റെ അഭിഭാഷകൻ അറിയിച്ചു.
Discussion about this post