ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ. വലിയ അഹങ്കാരവും, വളരെ കുറച്ച് അറിവും ഉള്ളയാളാണ് രാഹുൽ ഗാന്ധിയെന്ന് നദ്ദ വിമർശിച്ചു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി രാഹുൽ ഒബിസി സമുദായത്തെ ആകെ അപമാനിച്ചുവെന്നും നദ്ദ ട്വീറ്റിൽ പറഞ്ഞു.
” വളരെ അധികം അഹങ്കാരവും എന്നാൽ വളരെ കുറച്ച് മാത്രം വിവരവുമുള്ള ആളാണ് രാഹുൽ. രാഷ്ട്രീയ ലാഭത്തിന് വേണ്ടി അദ്ദേഹം ഒബിസി സമുദായത്തെയാകെ അപമാനിച്ചു. അവരെ കള്ളനെന്ന് വിളിച്ചു. സമൂഹത്തോട് മാപ്പ് പറയാനുള്ള അവസരവും കോടതിയിൽ വച്ച് രാഹുൽ തള്ളിക്കളഞ്ഞു. ഒബിസി വിഭാഗത്തിന്റെ വികാരങ്ങളെ രാഹുൽ തുടർച്ചയായി വ്രണപ്പെടുത്തി.
ആക്ഷേപകരമായ ഈ പ്രസ്താവനയുടെ പേരിലാണ് സൂറത്ത് കോടതി രാഹുലിന് ശിക്ഷ വിധിച്ചത്. എന്നാൽ കോൺഗ്രസ് പാർട്ടിയും അവരുടെ അഹങ്കാരവും ഒബിസി വിഭാഗത്തിന്റെ വികാരങ്ങളെ തുടർച്ചയായി വ്രണപ്പെടുത്തുകയാണ്. മോദി സമുദായത്തിനെതിരായ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് അവർ പറയുന്നത്. രാഹുലിന്റെ ഈ പ്രസ്താവനയ്ക്ക് ഒബിസി വിഭാഗം ജനാധിപത്യപരമായി മറുപടി നൽകും
വസ്തുതകൾക്കപ്പുറം കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിക്കുന്ന ശീലമാണ് എപ്പോഴും രാഹുലിനുള്ളത്. 2019ൽ റഫാൽ യുദ്ധ വിമാനത്തിന്റെ പേരിൽ രാഹുൽ കെട്ടിച്ചമച്ച ആരോപണങ്ങൾ ഉയർത്താൻ ശ്രമിച്ചു. എന്നാൽ സുപ്രീംകോടതി രാഹുലിനെ വിമർശിച്ചു. ഒടുവിൽ ഈ ആരോപണങ്ങൾക്ക് രാഹുലിന് മാപ്പ് പറയേണ്ടി വന്നുവെന്നും” നദ്ദ ചൂണ്ടിക്കാട്ടി.
Discussion about this post