ന്യൂയോർക്ക്: അമേരിക്കയിൽ വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ കശ്മീരിനെക്കുറിച്ച് നടത്തിയ ചർച്ചയ്ക്കിടെ പ്രശ്‌നമുണ്ടാക്കിയ ആറ് പാക് പൗരന്മാരെ പുറത്താക്കി അധികൃതർ. പാനൽ ചർച്ച ആവർത്തിച്ച് തടസ്സപ്പെടുത്തിയതിന് പിന്നാലെയാണ് ആറ് പേരെയും പുറത്താക്കിയത്. കശ്മീർ: പ്രക്ഷുബ്ധതയിൽ നിന്ന് വികസനത്തിന്റെ മാറ്റത്തിലേക്ക് എന്ന വിഷയത്തിലാണ് ചർച്ച നടന്നത്. കോളമിസ്റ്റ് സെ ഹൂൺ കിം ചർച്ച മോഡറേറ്റ് ചെയ്തു.
ജമ്മു കശ്മീർ വർക്കേഴ്സ് പാർട്ടി പ്രസിഡന്റ് മിർ ജുനൈദും ബാരാമുള്ളയിലെ മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ് തൗസീഫ് റെയ്ന തുടങ്ങിയവരാണ് ചർച്ചയിൽ സംസാരിച്ചത്. സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുരോഗതിയുടെയും നാടായി കാശ്മീർ മാറിക്കഴിഞ്ഞുവെന്ന് തനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ സാധിക്കുമെന്ന് മിർ ജുനൈദ് പറഞ്ഞു. പ്രതിഷേധത്തിന്റെ സാഹചര്യങ്ങളിൽ നിന്ന് മാറി പുരോഗതിയിലേക്കുള്ള പരിവർത്തനങ്ങളാണ് കശ്മീരിൽ ഇപ്പോൾ നടക്കുന്നത്. ലോകത്തെ വിഡ്ഢികളാക്കി കശ്മീരിനെ കുറിച്ച് കൊട്ടിഘോഷിക്കുന്ന രാജ്യങ്ങൾക്ക് കശ്മീരിന്റെ പുരോഗതിയോ സമൃദ്ധിയോ ഒന്നും ഒരു വിഷയമല്ല. കശ്മീരിൽ അക്രമത്തിന്റെ ഉണ്ടാക്കാൻ മാത്രമേ അവർ ആഗ്രഹിക്കുന്നുള്ളു”പാകിസ്താനെ പരിഹസിച്ച് കൊണ്ട് ജുനൈദ് പറഞ്ഞു.
ഇതിനിടെയാണ് ഏതാനും പാകിസ്താനികൾ മിർ ജുനൈദിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചത്. തുടർച്ചയായി അസഭ്യവാക്കുകൾ മുഴക്കുകയും, ആക്രമണത്തിന് ശ്രമിക്കുകയും ചെയ്തതോടെ ഇവരെ പരിപാടിയിൽ നിന്ന് പുറത്താക്കി. ലോകം മുഴുവൻ നിങ്ങളുടെ യഥാർത്ഥവും ക്രൂരവുമായ മുഖം കണ്ടുവെന്നാണ് ജുനൈദ് പ്രതിഷേധങ്ങൾക്ക് മറുപടിയായി പറഞ്ഞത്.
” നിങ്ങൾ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുകയാണ്, അവർ എന്താണ് ചെയ്യുന്നതെന്ന്. ഈ ആളുകൾ എത്രത്തോളം ക്രൂരന്മാരാണെന്ന് ലോകം കാണുകയാണ്. അവരുടെ കയ്യിൽ എകെ 47 തോക്ക് ഉണ്ടായിരുന്നെങ്കിൽ, ഇപ്പോൾ തന്നെ അവർ എന്നെ വെടിവച്ച് കൊല്ലുമായിരുന്നു. സത്യത്തെ അഭിമുഖീകരിക്കാൻ അവർ ഒരിക്കലും ആഗ്രഹിക്കാറില്ല. കശ്മീരിലും ഇതേ കാര്യം തന്നെയാണ് അവർ ചെയ്തിരുന്നത്. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവരെ അവർ തോക്ക് ഉപയോഗിച്ച് നിശബ്ദരാക്കുകയായിരുന്നെന്നും” മിർ ജുനൈദ് പറഞ്ഞു.
Discussion about this post