നിങ്ങള്‍ക്കറിയാമോ നിലവില്‍ 8000 ഉപഗ്രഹങ്ങള്‍ ഭൂമിക്കുണ്ട്. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ്എക്‌സ് മാത്രം മൂവായിരം ചെറു ഇന്റെര്‍നെറ്റ് സാറ്റലൈറ്റുകള്‍ അയച്ചിട്ടുണ്ട്. പലവിധ ആവശ്യങ്ങള്‍ക്കായി ഇങ്ങനെ ആയിരക്കണക്കിന് ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയക്കുന്നത് നന്നല്ലെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. കൃത്രിമമായ വെളിച്ചവും സാറ്റലൈറ്റുകളും (ഉപഗ്രഹങ്ങള്‍) പ്രകൃതിക്ക് ഇതുവരെ കാണാത്ത രീതിയിലുള്ള ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് അവര്‍ പറയുന്നു.
രാത്രിയിലെ ആകാശക്കാഴ്ചയെ മറയ്ക്കുന്ന തരത്തില്‍ കൃത്രിമ ഉപഗ്രഹങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് ജ്യോതിശാസ്ത്രജ്ഞരെ സാരമായി ബാധിക്കാനിടയുണ്ട്. യഥാര്‍ത്ഥത്തില്‍ പ്രപഞ്ചക്കാഴ്ചയാണ് കൃത്രിമോപഗ്രങ്ങളാല്‍ മറയ്ക്കപ്പെടുന്നത്. ഇത് ജ്യോതിശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജോലിക്ക് തന്നെ ഭീഷണിയാകുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
തടസ്സങ്ങളില്ലാത്ത രാത്രി ആകാശക്കാഴ്ച വളരെ വേഗം ഇല്ലാതായാക്കൊണ്ടിരിക്കുകയാണെന്ന് നേച്ചര്‍ അസ്‌ട്രോണമിയില്‍ പ്രസിദ്ധികരിച്ച പേപ്പറില്‍ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രകാശ മലിനീകരണവും ഉപഗ്രഹക്കൂട്ടങ്ങളുടെ ട്രാക്കുകളും കാരണമാണിത്. ലിയോ സാറ്റലൈറ്റുകളും ( ലോ എര്‍ത്ത് ഓര്‍ബിറ്റ് സാറ്റലൈറ്റുകള്‍, താരതമ്യേന താഴ്ന്ന അല്ലെങ്കില്‍ ഭൂമിക്ക് അടുത്തുള്ള ഭ്രമണപഥങ്ങളിലൂടെ സഞ്ചരിക്കുന്ന സാറ്റലൈറ്റുകള്‍) രാത്രി ആകാശത്തിലും ശാസ്ത്രരംഗത്തും സമാനമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും കുതിച്ചുയരുന്ന ബഹിരാകാശ സമ്പദ് വ്യവസ്ഥ സ്വയം നിയന്ത്രിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും പേപ്പറില്‍ പറയുന്നു.
ഭൂമിക്ക് ചുറ്റുമായി കൃത്രിമ ഉപഗ്രഹങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്നതില്‍ ശാസത്രജ്ഞര്‍ ദീര്‍ഘനാളായി ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പ്രകാശ മലിനീകരണത്തിന് പുറമേ ബഹിരാകാശ മാലിന്യമെന്ന വലിയ വെല്ലുവിളിയും ഇവ ഉയര്‍ത്തുന്നുണ്ട്. ദൗത്യം അവസാനിച്ചതിന് ശേഷം സാറ്റലൈറ്റുകള്‍ ഉപയോഗശൂന്യമായി ബഹിരാകാശ മാലിന്യമായി മാറുകയാണ് ചെയ്യുന്നത്. പ്രകാശ മലിനീകരണമെന്ന പ്രശ്‌നം ഏതെങ്കിലും രീതിയില്‍ പരിഹരിക്കാന്‍ കഴിഞ്ഞാലും ഭ്രമണപഥങ്ങളില്‍ സാറ്റലൈറ്റുകള്‍ തിങ്ങിക്കൂടുന്ന അവസ്ഥ, ഉപഗ്രഹ ഭാഗങ്ങള്‍ കൊണ്ടുണ്ടാകുന്ന മാലിന്യവും അവയില്‍ നിന്നുള്ള വാതകങ്ങളും ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുക ബുദ്ധിമുട്ടായിരിക്കുമെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു. മുന്‍പുണ്ടാകാത്ത തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉടലെടുക്കും മുമ്പ് ഇതിന് പരിഹാരം കാണണമെന്നും കൃത്രിമോപഗ്രഹങ്ങള്‍ അയക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നു.
സാറ്റലൈറ്റുകൡ നിന്നുള്ള പ്രകാശ മലിനീകരണം കുറയ്ക്കാന്‍ ഉടന്‍ നടപടി എടുക്കണമെന്ന് ഇറ്റലി. ചിലി, ഗലീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ കഴിഞ്ഞ ഡിസംബറില്‍ ആവശ്യപ്പെട്ടിരുന്നു. വാന നിരീക്ഷണത്തിന് കൃത്രിമ പ്രകാശം എത്രത്തോളം വിഘാതം സൃഷ്ടിക്കുന്നുവെന്ന് പഠിച്ചതിന് ശേഷമാണ് ഇവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രകാശ മലിനീകരണം കാരണം മിക്കപ്പോഴും കൃത്യമായ വാനനിരീക്ഷണം സാധിക്കുന്നില്ലെന്നാണ് ഇവര്‍ കണ്ടെത്തിയത്.













Discussion about this post