തിരുവനന്തപുരം: ഇന്നസെന്റിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അച്ഛനായും ജ്യേഷ്ഠനായും സുഹൃത്തായും മലയാളിയുടെ വീട്ടിലെ ഒരു അംഗമായി മാറിയ നടനായിരുന്നു ഇന്നസെന്റ് എന്ന് കെ സുരേന്ദ്രൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
തന്റെ സ്വതസിദ്ധമായ നർമ്മം കൊണ്ട് എല്ലാവരുടേയും പ്രിയങ്കരനായി മാറാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും ആരാധകരുടേയും ദു:ഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.
ശ്വാസകോശത്തിലെ അണുബാധയെ തുടർന്നാണ് ഇന്നസെന്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നില വഷളായെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകരും മലയാള സിനിമാ ലോകവും. എന്നാൽ രാത്രി 10.30 ഓടെ മരണം സംഭവിക്കുകയായിരുന്നു.
മുൻ എംപി കൂടിയാണ്.
തിങ്കളാഴ്ച കൊച്ചിയിലും ഇരിങ്ങാലക്കുടിയിലും മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. രാവിലെ എട്ട് മണി മുതൽ 11 മണി വരെ കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിലും ഒരു മണി മുതൽ ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺ ഹാളിലുമാണ് പൊതുദർശനം ഉണ്ടാകുക. പിന്നീട് ഇരിങ്ങാലക്കുടയിലെ വസതിയായ പാർപ്പിടത്തിൽ എത്തിക്കും. വൈകിട്ട് അഞ്ചിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്‌കാരം.












