കൊളംബോ: ശ്രീലങ്കയിൽ അത്ഭുത രോഗശാന്തി ശുശ്രൂഷയുടെ മറവിൽ മതപരിവർത്തനത്തിന് ശ്രമം നടത്തിയ പാസ്റ്റർ പോൾ ദിനകരനെ തമിഴ്നാട്ടിലേക്ക് തിരികെ അയച്ച് ശ്രീലങ്കൻ സർക്കാർ. ജാഫ്നയിലെ ഹിന്ദു സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന്, പോൾ ദിനകരന്റെ നേതൃത്വത്തിൽ നടത്താനിരുന്ന അത്ഭുത രോഗശാന്തി ശുശ്രൂഷ പരിപാടി ഉപേക്ഷിച്ചു. ആഗോള ക്രൈസ്തവ മതപരിവർത്തന ലോബിയുടെ ദല്ലാളായ ദിനകരനെ തങ്ങളുടെ വിശുദ്ധ ഭൂമിയായ ജാഫ്നയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന്, ശ്രീലങ്കയിലെ ഹൈന്ദവ- ബൗദ്ധ സംഘടനകൾ ഒരേ സ്വരത്തിൽ നിലപാട് സ്വീകരിക്കുകയായിരുന്നു.
സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് പോൾ ദിനകരനെ വിമാനത്താവളത്തിൽ വെച്ച് തന്നെ ശ്രീലങ്കൻ അധികൃതർ തടഞ്ഞു. ബിസിനസ് വിസയിൽ രാജ്യത്ത് എത്തി മതപരിവർത്തനത്തിന് അനുവദിക്കില്ലെന്ന് സർക്കാർ ദിനകരനെ അറിയിച്ചു. കൂടാതെ, മതപരമായ എല്ലാ ചടങ്ങുകളും റദ്ദാക്കി തിരികെ പോകാൻ ദിനകരനോട് ആവശ്യപ്പെടുകയും ചെയ്തു.
പോൾ ദിനകരനെയും സംഘത്തെയും ജാഫ്നയിൽ തട്ടിപ്പ് പരിപാടി അവതരിപ്പിക്കാൻ അനുവദിക്കരുതെന്ന് കാട്ടി നൂറുകണക്കിന് ഹൈന്ദവ- ബൗദ്ധ വിശ്വാസികൾ ഒപ്പിട്ട ഹർജി ജാഫ്ന ഡിഐജിക്ക് ലഭിച്ചു. ഹർജിയിൽ അനുകൂല തീരുമാനം ഉണ്ടായതോടെ, ഹൈന്ദവ സംഘടനകൾ മാർച്ച് 24ന് ശ്രീലങ്കയിൽ ആഹ്വാനം ചെയ്തിരുന്ന രാജ്യവ്യാപക പ്രക്ഷോഭം പിൻവലിച്ചു.
പോൾ ദിനകരന്റെ അത്ഭുത രോഗശാന്തി ശുശ്രൂഷയും വചന പ്രഘോഷണവും രാജ്യത്തെ സമാധാനവും ശാന്തിയും മതസൗഹാർദവും തകർക്കുമെന്ന് ഹൈന്ദവ സംഘടനകൾ ഹർജിയിൽ ചൂണ്ടിക്കാട്ടി. മതവൈകാരികത ഉണർത്തുന്ന ഇത്തരം പരിപാടികൾ രാജ്യത്ത് കലാപത്തിനും മതവിദ്വേഷത്തിനും അക്രമത്തിനും കാരണമാകുമെന്ന വാദവും ജാഫ്ന പോലീസ് അംഗീകരിച്ചു.
2021 ജനുവരിയിൽ പോൾ ദിനകരന്റെ നേതൃത്വത്തിലുള്ള ‘ജീസസ് കാൾസ്‘ എന്ന സംഘടനയുമായി ബന്ധമുള്ള 28 കേന്ദ്രങ്ങളിൽ നടന്ന ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. സംഘടനയുടെ കോയമ്പത്തൂരിലെ ഓഫീസിൽ നിന്നും കണക്കിൽ പെടാത്ത 118 കോടി രൂപയുടെ രേഖകളും ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. വിദേശ ഫണ്ട് തിരിമറി കേസിലും തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന അന്വേഷണം നേരിടുകയാണ്.
Discussion about this post