ഇസ്ലാമാബാദ്; സാമ്പത്തിക പ്രതിസന്ധി മൂലം ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിയ്ക്കാൻ പെടാപ്പാടു പെടുകയാണ് പാകിസ്താൻ ജനത. സർക്കാർ ഉദ്യോഗസ്ഥർക്കാണെങ്കിൽ മാസങ്ങളായി ശമ്പളം മുടങ്ങിക്കിടക്കുകയാണ്.
ജീവിക്കാൻ ഗതിയില്ലാതെ വന്നതോടെ ചിലവുകൾക്കുള്ള പണം കണ്ടെത്താൻ ഒരു ഉപായം കണ്ടെത്തിയിരിക്കുകയാണ് രാജ്യത്തെ ഒരു ഉന്നത ഉദ്യോഗസ്ഥൻ. നികുതി വകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ അഴിമതിയാണ് തന്റെ ചിലവുകൾ നടത്താൻ കഴിയുന്ന പരിഹാരമെന്ന് പറയുന്നു. ജോലിയോടൊപ്പം അഴിമതി നടത്താൻ അനുവദിക്കണമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോട് അഭ്യർത്ഥിച്ചിരിക്കുകയാണ് അദ്ദേഹം. പ്രധാനമന്ത്രിയ്ക്ക് അദ്ദേഹം അയച്ച കത്ത് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ വൈറലാവുകയാണ്.
‘ എന്റെ അഴിമതി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ഔപചാരിക അറിയിപ്പ് എന്ന തലക്കെട്ടോടു കൂടിയാണ് കത്ത് ആരംഭിക്കുന്നത്. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പണമില്ല. അഴിമതി നടത്തിയേ മതിയാവൂ. നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിന്റെ അപകടകരമായ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് എനിക്ക് നന്നായി അറിയാം, ഷരീഫ് സർക്കാർ സമ്പദ്വ്യവസ്ഥയെ സുസ്ഥിരമാക്കാൻ ഒന്നും ചെയ്യുന്നില്ലെന്ന് കത്തിൽ ആരോപിക്കുന്നു.
തന്റെ ഇത്രയും കാലത്തെ സേവനകാലയളവിൽ ഒരിക്കൽ പോലും അഴിമതിയിൽ ഏർപ്പെട്ടിട്ടില്ലെന്നും ഇന്ന് അതില്ലാതെ സാധിക്കില്ലെന്ന് മനസിലായെന്നും ഉദ്യോഗസ്ഥൻ കുറിച്ചു. തന്റെ മനസ് അനുവദിക്കുന്നില്ലെന്നും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ മറ്റ് വഴിയില്ലെന്നും പറയുന്നു. തനിക്ക് 79,000 പാകിസ്താൻ രൂപയിലധികം കടമുണ്ട്. എല്ലാ മാസവും ചെലവ് നടത്താൻ പിതാവിൽ നിന്നും കടം വാങ്ങുകയാണെന്നും സർക്കാർ സഹായിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് അഴിമതിയല്ലാതെ മറ്റ് മാർഗമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











