പ്രകൃതി ജീവജാലങ്ങൾക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് ജലം. വെറുതേ ജലമെന്ന് പറഞ്ഞാൽ പോര, ജീവജലമെന്ന് തന്നെ പറയണം. കാരണം ജലമില്ലാതെ മനുഷ്യന്റെ നിലനിൽപ്പ് അസാധ്യമാണ്. ശുദ്ധജല ദൗർലഭ്യം കാരണം കുറേക്കാലമായി നിരവധി പേർ പണം കൊടുത്ത് ജലം വാങ്ങിക്കാറുണ്ട്. എന്നാൽ എത്രപണം കൊടുത്താലും ജലം നമുക്ക് സ്വന്തമായി ഉണ്ടാക്കാൻ പറ്റില്ല എന്ന സത്യം പലരും വിസ്മരിക്കാറുണ്ട്. ജലം അമൂല്യമാണെന്ന സത്യം എത്ര കേട്ടാലും അശ്രദ്ധമായി ജലം പാഴാക്കുന്നവർ നിരവധിയാണ്. അവർ മനസിലാക്കേണ്ട ചില വസ്തുതകളും സത്യങ്ങളും ഉണ്ട്. മനുഷ്യരുടെ അതിവേഗത്തിലുള്ള ജല ഉപഭോഗം മൂലം ഭൂമി വരണ്ടുകൊണ്ടിരിക്കുകയാണ്. ഭൂമിയിലെ ശുദ്ധജല സ്രോതസ്സുകൾ അതിവേഗത്തിൽ വറ്റിക്കൊണ്ടിരിക്കുകയാണെന്നും നൂറുകോടിക്കണക്കിന് ജനങ്ങൾ മലിനജലം കുടിക്കാൻ നിർബന്ധിക്കപ്പെടുകയാണെന്നും ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതൊന്നും നമ്മളെ ബാധിക്കുന്നില്ലല്ലോ എന്നോർത്ത് ഇപ്പോൾ യഥേഷ്ടം ലഭിക്കുന്ന ജലം പാഴാക്കിക്കളയരുത്, നാളെ ലോകത്തിലെ എല്ലാ മനുഷ്യരും ജലദൗർലഭ്യതയുടെ ഭീകരമുഖം കാണേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഓരോ തുള്ളി ജലത്തിനും വലിയ വില നൽകേണ്ടിവരുന്ന കാലം വിദൂരമല്ല.
ലോകത്ത് 26 ശതമാനം ജനങ്ങൾക്ക് ശുദ്ധജലം ലഭിക്കുന്നില്ലെന്നാണ് ഐക്യരാഷ്ട്ര സഭ റിപ്പോർട്ടിൽ പറയുന്നത്. 46 ശതമാനം ആളുകൾക്ക് കുളിക്കാനോ ശുചിയാകാനോ ഉള്ള വെള്ളം ലഭിക്കുന്നില്ല. അതേസമയം ലോകത്ത് 200 കോടി ആളുകൾ എല്ലാ വർഷവും ഒരു മാസമെങ്കിലും ജല കഷാമം നേരിടുന്നു. ജലക്ഷാമം നേരിടുന്ന ആളുകളുടെ എണ്ണം വരുംനാളുകളിൽ കുത്തനെ ഉയരുമെന്നാണ് ബന്ധപ്പെട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ നാൽപ്പത് വർഷത്തിനിടയിൽ ലോകത്തിന്റെ ജല ഉപഭോഗ നിരക്കിൽ വർഷാവർഷം ഒരു ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ലോകജനതയുടെ ശരാശരി പത്ത് ശതമാനം ആളുകൾ ഉയർന്ന, അല്ലെങ്കിൽ കൊടിയ ജലക്ഷാമം ഉള്ള രാജ്യങ്ങളിലാണ്. നഗരങ്ങളിൽ ജീവിക്കുന്ന ജലക്ഷാമം അനുഭവിക്കുന്ന ആളുകളുടെ എണ്ണം 2016ലെ 933 ദശലക്ഷത്തിൽ നിന്നും 2050 ആകുമ്പോഴേക്കും 1.7-2.4 ശതകോടിയിലേക്ക് എത്തുമെന്നാണ് പ്രവചനം. ഇതുകൊണ്ടുള്ള ദുരിതം ഏറ്റവുമധികം അനുഭവിക്കേണ്ടിവരുന്ന രാജ്യങ്ങളിൽ ഇന്ത്യ മുൻപന്തിയിലാണ്. ലോകത്ത്, ഇരുന്നൂറ് കോടി ആളുകൾക്ക് ശുദ്ധജലം ലഭിക്കുന്നില്ലെന്നും നാൽപ്പത് ദശലക്ഷത്തിൽ പരം ആളുകൾക്ക് ശുചീകരണ ആവശ്യങ്ങൾക്ക് ജലം ലഭിക്കുന്നില്ലെന്നും ഐക്യരാഷ്ട്രസഭ റിപ്പോർട്ടിൽ പറയുന്നു.
ഒരു ദിവസം വെള്ളമില്ലാതായാൽ എന്തുസംഭവിക്കും?
ഒരു ദിവസത്തേക്കെങ്കിലും വെള്ളമില്ലാത്ത അവസ്ഥ വന്നാൽ എന്തുചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ അങ്ങനെ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാരണം നാളെ അത്തരമൊരു അവസ്ഥ നമ്മൾ അനുഭവിക്കേണ്ടി വരുമെന്ന് തീർച്ചയാണ്. ഭൂമിയിലുള്ള ജലം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് പരിസ്ഥിതിവിദഗ്ധനായ അനിൽ സൂദ് പറയുന്നു. നമുക്കെല്ലാം ഈ സത്യം അറിയുമെങ്കിലും ജലം സംരക്ഷിക്കാൻ ഭൂരിഭാഗം മനുഷ്യരും ഒരു കാര്യങ്ങളും ചെയ്യുന്നില്ല എന്നതാണ് സത്യം. ദിവസവും നമ്മൾ കുടിക്കുന്ന വെള്ളം നൂറുശതമാനം ശുദ്ധമാണെന്നതിന് ഒരു ഉറപ്പും ഇല്ല. എങ്കിലും നമ്മൾ അതിനെക്കുറിച്ചൊന്നും ഗൗരവമായി ചിന്തിക്കുന്നില്ല. കുടിക്കാൻ വെള്ളം ലഭിക്കുന്നുണ്ടല്ലോ എന്ന ആശ്വാസത്തിലാണ് പലരും.
ഭൂമിയുടെ എഴുപത് ശതമാനം മേഖലകളും ജലമാണ്. എന്നാൽ ഇതിൽ കേവലം ഒരു ശതമാനം മാത്രമാണ് കുടിവെള്ളം. സമുദ്രജലത്തെ കുടിവെള്ളമാക്കി മാറ്റുകയെന്നത് മനുഷ്യന് മുമ്പിലുള്ള വലിയ വെല്ലുവിളിയാണ്. എങ്കിലും ശുദ്ധജല സ്രോതസ്സുകൾ അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നമുക്ക് മുമ്പിലുള്ള പ്രതീക്ഷയും വിശാലമായ സമുദ്രങ്ങളാണ്. വികസിത, വികസ്വര, അവികസിത രാജ്യങ്ങളെല്ലാം കടൽവെള്ളത്തെ ശുദ്ധജലമാക്കി മാറ്റാനുള്ള മാർഗ്ഗങ്ങളെ കുറിച്ച് ആലോചിക്കുകയാണ്. സമ്പന്ന രാഷ്ട്രങ്ങൾക്ക് പോലും ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങളോ മൂലധനമോ ഇല്ലെന്നുള്ളതാണ് സത്യം. ജലശുദ്ധീകരണമെന്നത് വലിയ തോതിൽ ഊർജ്ജവും പണവും ആവശ്യമുള്ള പ്രക്രിയയാണ്. മാത്രമല്ല, പരിസ്ഥിതിക്ക് ഇത് വളരെ ദോഷകരമാണുതാനും.
കടൽത്തീരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ കടൽജലത്തെ ശുദ്ധജലമാക്കുന്നതിനുള്ള പരീക്ഷണങ്ങൾ നടത്താമെങ്കിലും കടലുകൾ ഇല്ലാത്ത മേഖലകൾക്ക് ഈ പ്രതീക്ഷയ്ക്കും വകയില്ല. ജല ദൗർലഭ്യതയെ നേരിടാൻ ലോകത്തിന് മുമ്പിലുള്ള പ്രായോഗികമായ രണ്ട് പരിഹാരമാർഗ്ഗങ്ങളിൽ ഒന്ന് സമുദ്രജലത്തെ ശുദ്ധജലമാക്കുകയും മറ്റൊന്ന് ജലസംരക്ഷണ പ്രവർത്തനങ്ങളും കാലാവസ്ഥ വ്യതിയാനത്തെ ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളും ഊർജ്ജിതമാക്കുക എന്നിവയുമാണ്. ഇതിൽ ആദ്യത്തേത്ത് എല്ലാവർക്കും സ്വീകാര്യമല്ലെങ്കിലും രണ്ടാമത്തെ കാര്യം ഭൂമിയിലുള്ള ഓരോ മനുഷ്യരും വിചാരിച്ചാൽ നടക്കുന്നതാണ്. നമ്മുടെ ഓരോരുത്തരുടെയും ശ്രമങ്ങൾ ജലസംരക്ഷണത്തിന് മുതൽക്കൂട്ടാകും. ഓർക്കുക, പലതുള്ളി, പലതുള്ളി പെരുവെള്ളം.













Discussion about this post