ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ നാളുകൾക്ക് ശേഷം യുവാക്കളിൽ പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനവും തുടർന്നുണ്ടാകുന്ന മരണങ്ങളും കൂടുന്നു എന്ന വാർത്തകളിന്മേൽ ഐ സി എം ആറിന്റെ പഠന റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ. വാക്സിനേഷന്റെയും കൊവിഡ് വ്യാപനത്തിന്റെയും ഹൃദയാഘാത മരണങ്ങളുടെയും കൃത്യമായ വിവരങ്ങൾ സർക്കാരിന്റെ പക്കലുണ്ട്. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഐ സി എം ആർ റിപ്പോർട്ട് പുറത്തുവരുമെന്നാണ് കണക്കുകൂട്ടലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാത മരണങ്ങളെ കുറിച്ചുള്ള എയിംസ് പഠനങ്ങൾ തുടരുകയാണ്. ദീർഘകാലം നീണ്ടുനിൽക്കുന്ന കൊവിഡ് ബാധിച്ചവരിൽ ഹൃദയത്തിന് അമിത സമ്മർദ്ദമുണ്ടാകുന്നുവെന്നും ഇത് ഹൃദയാഘാത മരണങ്ങൾക്ക് കാരണമാകുന്നു എന്നുമുള്ള ഹൃദ്രോഗ വിദഗ്ധരുടെ നിരീക്ഷണം ശ്രദ്ധയോടെയാണ് സർക്കാർ നോക്കിക്കാണുന്നതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
വൈറൽ പനി ബാധിച്ചവരിലുള്ള ഹൃദയാഘാത മരണ നിരക്ക് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇപ്പോൾ കൂടുതലാണ്. ഫ്ലൂ ബാധക്കെതിരെയും വാക്സിനേഷൻ നടപ്പിലാക്കണം എന്ന ഡച്ച് ഗവേഷകരുടെ പഠന റിപ്പോർട്ടും നിലവിലുണ്ട്. ഐ സി എം ആർ- എയിംസ് പഠന റിപ്പോർട്ടുകൾ ലഭ്യമാകുന്ന മുറയ്ക്ക് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും സ്വകാര്യ മാദ്ധ്യമം സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി.
Discussion about this post