കോഴിക്കോട്; സംസ്ഥാനത്ത് നിയന്ത്രണമില്ലാതെ ലഹരിയൊഴുകുന്നുണ്ടെന്നതിന് മറ്റൊരു ഞെട്ടിക്കുന്ന തെളിവ് കൂടി. ലഹരിമുക്ത ക്യാമ്പെയ്‌നുകളും പരിശോധനകളും നിരന്തരം നടക്കുമ്പോൾ മറ്റൊരിടത്ത് ലഹരിയുടെ വേരുകൾ ആഴത്തിലാവുകയാണെന്നതാണ് സത്യം. ഇത് തെളിയിക്കുന്ന ഫോട്ടോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്.
പ്രമുഖമാദ്ധ്യമപ്രവർത്തകൻ സാജൻ നമ്പ്യാർ പുറത്തുവിട്ട ഫോട്ടോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഇഎൻടി പുതിയ ബ്ലോക്കിന്റെ പിൻവശത്തെ മതിലിന്റെ ചിത്രമാണ് അദ്ദേഹം പകർത്തിയത്. ചോരപ്പാടുകൾ നിറഞ്ഞ ചുവർ പക്ഷേ ലഹരിയുടെ ശേഷിപ്പുകളാണ് എന്ന് മാത്രം.
ആശുപത്രിയുടെ പിറകിൽ വന്നിരുന്ന് സിറിഞ്ചുപയോഗിച്ച് ലഹരി കുത്തിവെച്ച ശേഷം വരുന്ന ചോര തുടയ്ക്കാൻ പഞ്ഞിയില്ലാത്തതിനാൽ വിരലുകൊണ്ട് തുടച്ചു ചുമരിൽ തേച്ച പാടുകളാണിവയെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
എന്തായാലും സാജൻ ചൂണ്ടിക്കാട്ടിയത് സത്യമാണെന്നും തങ്ങളിൽ പലരും ഇതിന് സാക്ഷിയായിട്ടുണ്ടെന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.












