ന്യൂഡൽഹി: ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫു ഏപ്രിലിൽ ഇന്ത്യ സന്ദർശിക്കും. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻസ് (എസ്‌സിഒ) ഉച്ചകോടിയോട് അനുബന്ധിച്ചുള്ള പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായാണ് ലി ഷാങ്ഫു ഡൽഹിയിലെത്തുന്നത്. ഏപ്രിൽ 27 മുതൽ 29 വരെയാണ് യോഗം നടക്കുന്നത്.
പാക് പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ്, റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവ ഉൾപ്പെടെയുള്ള ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും ഇന്ത്യ ക്ഷണങ്ങൾ അയച്ചിട്ടുണ്ട്. ചൈന, ഇന്ത്യ, റഷ്യ, പാകിസ്താൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവയുൾപ്പെടെ എട്ട് അംഗരാജ്യങ്ങളെ ഉൾക്കൊള്ളുന്ന ഒരു പ്രാദേശിക അന്തർ-സർക്കാർ സംഘടനയാണ് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ.
ഗാൽവാൻ സംഭവത്തിന് ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രതിരോധ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഗാൽവാൻ അതിർത്തിയിൽ ചൈനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 20 സൈനികരെയാണ്.
ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ജൂലൈയിൽ ഡൽഹി സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ വടക്കൻ അതിർത്തികളിൽ ചൈനയുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഷി ജിൻപിംഗിൻറെ സന്ദർശനം വളരെ പ്രധാന്യമുള്ളതാണ്.
Discussion about this post