ചെന്നൈ: മാതാപിതാക്കൾ പഠിക്കാൻ പറഞ്ഞതിൽ മനം നൊന്ത് ഒൻപത് വയസുകാരിയായ ഇൻസ്റ്റഗ്രാം താരം ആത്മഹത്യ ചെയ്തു. തമിഴ്നാട് തിരുവള്ളൂർ സ്വദേശിനി പ്രതീക്ഷയാണ് ആത്മഹത്യ ചെയ്തത്. ‘റീൽസ് റാണി, ഇൻസ്റ്റ റാണി‘ എന്നീ പേരുകളിൽ ആരാധകർ സ്നേഹപൂർവം വിശേഷിപ്പിച്ചിരുന്ന പ്രതീക്ഷ, കഴിഞ്ഞ ആറ് മാസത്തിനിടെ ഹിറ്റായ എഴുപതോളം റീലുകൾ ചെയ്തിട്ടുള്ള കലാകാരിയാണ്.
മാർച്ച് 28 ചൊവ്വാഴ്ച രാത്രി 8.00 മണിയോടെ മുത്തശ്ശിയുടെ വീട്ടിൽ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന പ്രതീക്ഷയെ മാതാപിതാക്കളായ കൃഷ്ണമൂർത്തിയും കർപ്പഗവും ശാസിച്ചു. രാത്രി പുറത്തിരുന്ന് കളിക്കാതെ പോയി പഠിക്കാനായിരുന്നു അവർ കുട്ടിയോട് പറഞ്ഞത്.
തുടർന്ന്, വീടിന്റെ താക്കോൽ കുട്ടിയുടെ കൈയ്യിൽ ഏൽപ്പിച്ച ശേഷം മാതാപിതാക്കൾ വീട്ടുസാധനങ്ങൾ വാങ്ങുന്നതിന് വേണ്ടി പുറത്ത് പോയി. മടങ്ങിയെത്തിയപ്പോൾ വീട് അകത്ത് നിന്നും പൂട്ടിയിരിക്കുന്നതായി കാണപ്പെട്ടു. കാളിംഗ് ബെൽ അടിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല.
തുടർന്ന് വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കയറിയ കൃഷ്ണമൂർത്തി കണ്ടത് ജനാലയിൽ ഷാൾ കഴുത്തിൽ കുരുങ്ങി നിൽക്കുന്ന പ്രതീക്ഷയെയാണ്. വേഗം ഷാൾ അഴിച്ചുമാറ്റി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സാമൂഹിക മാദ്ധ്യമങ്ങളുടെ അമിത ഉപയോഗമാണ് ആത്മഹത്യ ചെയ്യാൻ കുട്ടിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ചെറിയ പ്രായത്തിലേ സാമൂഹിക മാദ്ധ്യമങ്ങളുടെ അമിത സ്വാധീനം കുട്ടികളുടെ മാനസികാവസ്ഥയെ കാര്യമായി ബാധിക്കാറുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി.
Discussion about this post