ജയ്പൂർ : പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി പ്രവർത്തിച്ച രണ്ട് പേർ രാജസ്ഥാനിൽ അറസ്റ്റിൽ. ബാർമർ ജില്ലയിൽ നിന്ന് രത്തൻ ഖാനും ശോഭല ജേത്മാൽ ഗ്രാമത്തിൽ നിന്ന് പരുരാമുമാണ് പിടിയിലായത്. വർഷങ്ങളായി രത്തൻ ഖാൻ പാകിസ്താൻ സന്ദർശിക്കാറുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
2012 മുതൽ രത്തൻ ഖാൻ പാകിസ്താൻ സന്ദർശിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ തെളിഞ്ഞു. കുടുംബക്കാരെ കാണാൻ പോകുന്നുവെന്ന വ്യാജേനയാണ് ഇയാൾ പാകിസ്താനിലേക്ക് പോയത്. തുടർന്ന് ചാരസംഘടനയായ ഐഎസ്‌ഐയുടെ പ്രത്യേക പരിശീലനം നേടും. പണത്തിന് പകരമായി രാജ്യത്തെ നിർണായക വിവരങ്ങളും ഇയാൾ പാകിസ്താന് കൈമാറും. വാട്‌സ്ആപ്പിലൂടെ വീഡിയോ ആയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുമാണ് ഇയാൾ വിവരങ്ങൾ കൈമാറിയത്. കഴിഞ്ഞ 10 വർഷത്തിനിടെ ഇയാൾ 20 തവണ പാകിസ്താൻ സന്ദർശിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
രാജസ്ഥാനിലെ ബാർമറിലെ അസംസ്‌കൃത എണ്ണ സംസ്‌കരണ കേന്ദ്രമായ മംഗള പ്രോസസിംഗ് ടെർമിനലിലാണ് (എംപിടി) പിടിയിലായ പരുരാം ജോലി ചെയ്യുന്നത്. ഹണിട്രാപ്പിലൂടെയാണ് ഇയാളെ ഐഎസ്‌ഐ ചാരനാക്കിയത് എന്നും പണത്തിന് പകരമായി ഇയാൾ അവർക്ക് രഹസ്യ വിവരങ്ങൾ കൈമാറുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വനിതാ ഐഎസ്‌ഐ ഏജന്റാണ് ഇയാൾക്ക് പണം നൽകിയിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post