ന്യൂഡൽഹി: ആർ എസ് എസിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ വയനാട് മുൻ എം പി രാഹുൽ ഗാന്ധിക്കെതിരെ ഹരിദ്വാറിൽ മാനനഷ്ടക്കേസ്. ആർ എസ് എസ് പ്രവർത്തകനായ കമൽ ഭദൗരിയയാണ് രാഹുലിനെതിരെ പരാതി നൽകിയത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കൗരവപ്പടയാണ് ആർ എസ് എസ് എന്ന് അടുത്തയിടെ രാഹുൽ ഗാന്ധി ഹരിയാനയിൽ പ്രസംഗിച്ചിരുന്നു. ഇതിനെതിരെയാണ് കേസ്. കേസ് ഏപ്രിൽ 12ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
നേരത്തേ, പിന്നാക്ക സമുദായത്തെ അവഹേളിച്ചതിന് രാഹുലിനെതിരെ സൂറത്ത് കോടതി നടപടി സ്വീകരിച്ചിരുന്നു. മോദി വിഭാഗത്തിൽ പെട്ടവരെല്ലാം കള്ളന്മാരാണ് എന്ന രാഹുലിന്റെ പരാമർശമാണ് കേസിന് ആധാരം. അപകീർത്തി കേസിൽ പരമാവധി ശിക്ഷയായ രണ്ട് വർഷം തടവാണ് രാഹുലിന് കോടതി വിധിച്ചത്.
രണ്ട് വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ജനപ്രാതിനിധ്യ നിയമ പ്രകാരം രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദായിരുന്നു. തുടർന്ന് രാഹുൽ അയോഗ്യനാക്കപ്പെട്ടതായി ലോക്സഭാ സെക്രട്ടറിയേറ്റ് പ്രഖ്യാപിച്ചിരുന്നു. പിന്നാക്ക സമുദായത്തെ അധിക്ഷേപിച്ച രാഹുൽ ഗാന്ധിക്ക് പട്ന കോടതിയും നോട്ടീസ് അയച്ചിരുന്നു. ഏപ്രിൽ 12ന് ഹാജരായി മൊഴി നൽകാനാണ് നോട്ടീസ്. മോദി വിഭാഗത്തിൽ പെടുന്ന സുശീൽ മോദിയുടെ പരാതിയിലാണ് നോട്ടീസ്.
ആർ എസ് എസ് ഗാന്ധി ഘാതകരാണ് എന്ന രാഹുൽ ഗാന്ധിയുടെ പരാമർശവും വിവാദമായിരുന്നു. ഇതിനെതിരെ ആർ എസ് എസ് പ്രവർത്തകർ നൽകിയ അപകീർത്തി കേസിൽ കോടതി രാഹുൽ ഗാന്ധിയെ നേരിട്ട് വിളിപ്പിച്ചിരുന്നു.
Discussion about this post