തിരുവനന്തപുരം: കിളിമാനൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രികയായ സ്കൂൾ അദ്ധ്യാപികക്ക് ദാരുണാന്ത്യം. തിരുവനന്തപുരം എം ജി എം സ്കൂൾ അദ്ധ്യാപിക പാപ്പാല എം എസ് എ കോട്ടേജിൽ എം എസ് അജില (32) ആണ് മരിച്ചത്. പരിക്കേറ്റ മകൻ ആര്യനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകീട്ട് 4.15ന് കിളിമാനൂർ ഇരട്ടച്ചിറയിലായിരുന്നു സംഭവം. വാമനപുരത്തുള്ള ബന്ധുവീട്ടിലേക്ക് മകനോടൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ എതിരെ വന്ന കാർ നിയന്ത്രണം വിട്ട് അജില സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ അജിലയുടെ ദേഹത്ത് കാർ കയറിയിറങ്ങിയതായി പോലീസ് പറഞ്ഞു.
അജില സംഭവസ്ഥലത്ത് തന്നെ മരിച്ചു. സ്കൂട്ടറിൽ ഇടിച്ച ശേഷം നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും എതിരെ വന്ന കാറിലും ഇടിച്ചാണ് കാർ നിന്നത്. തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കരയിലേക്ക് പോയ കാറാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്.
Discussion about this post