കൊച്ചി: ശമ്പളം കിട്ടാത്തതിന് പണിയെടുത്ത് പ്രതിഷേധിച്ച കാൻസർ അതിജീവിതയായ കണ്ടക്ടർക്കെതിരെ നടപടി എടുത്ത സംഭവം സർക്കാർ അറിഞ്ഞതല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. നടപടി താഴെ തട്ടിലോ മറ്റോ എടുത്തതാകാം. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ശമ്പളം കിട്ടാത്തതിന് മുമ്പും പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊന്നും സർക്കാരിനെ അപകീർത്തിപ്പെടുത്തുന്നതല്ലെന്നും മന്ത്രി ന്യായീകരിച്ചു. കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പള വിതരണത്തിൽ സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന സത്യവാങ്മൂലത്തിൽ തെറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി. ശമ്പളം കൊടുക്കാനുള്ള ഉത്തരവാദിത്തം മാനേജ്മെന്റിനാണെന്നും മന്ത്രി പറഞ്ഞു.
ശമ്പളം നൽകാത്തതിനെതിരെ പണിയെടുത്തുകൊണ്ട് നിശബ്ദ പ്രതിഷേധം നടത്തിയ ജീവനക്കാരിയെ വൈക്കത്ത് നിന്നും പാലായിലേക്ക് സ്ഥലം മാറ്റിയ കെ എസ് ആർ ടി സിയുടെ നടപടി വിവാദമായിരുന്നു. 2023 ജനുവരി 11ന് അഖില എസ് നായർ എന്ന കണ്ടക്ടർ നടത്തിയ വേറിട്ട പ്രതിഷേധം മാദ്ധ്യമ ശ്രദ്ധ നേടിയിരുന്നു.
‘ശമ്പള രഹിത സേവനം നാൽപ്പത്തിയൊന്നാം ദിവസം‘ എന്ന ബാഡ്ജ് ധരിച്ചായിരുന്നു അഖില അന്ന് ജോലിയെടുത്തത്. അഖിലയുടെ പ്രതിഷേധം സർക്കാരിനെയും കോർപ്പറേഷനെയും അപകീർത്തിപ്പെടുത്തി എന്നാണ് കെ എസ് ആർ ടി സിയുടെ കണ്ടെത്തൽ.












