തല്ലി വളർത്തിയാൽ മാത്രമേ കുട്ടികൾ മിടുക്കാനാകൂ എന്നാണല്ലോ നമ്മുടെ മുൻതലമുറയുടെ ഭാഷ്യം. എന്നാൽ ഇപ്പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ ? കുട്ടികളെ തല്ലി വളർത്തുന്നത് മൂലം അവരുടെ സർഗാത്മകമായ കഴിവുകൾ പോലും ഇല്ലാതാകുമെന്നും വിപരീതഫലം ചെയ്യുമെന്നുമാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.അതായത് പഴമക്കാർ പറയുന്ന പോലെ ചൊല്ലി കൊട് , തല്ലി കൊട്, തള്ളി കള എന്ന ചൊല്ലിനു അർത്ഥമില്ലെന്ന് സാരം.
തല്ലാതെ പിന്നെ എങ്ങനെ കുട്ടികളെ വളർത്തും? അനുസരണ വേണ്ടേ ? ചോദ്യങ്ങളും സംശയങ്ങളും പലതാണ്. ഇവിടെയാണ് ക്ഷമ വേണ്ടത്. കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ ഉടനെ വടിയെടുത്ത് തല്ലാൻ തുടങ്ങും മുൻപായി ആ തെറ്റിന്റെ ഗൗരവം അവരെ മനസിലാക്കിപ്പിക്കുന്നതുനുള്ള അവസരം ഒരുക്കുക. കുട്ടികൾ പറഞ്ഞാൽ കേൾക്കില്ല എന്ന് പറയുന്നത് നിങ്ങളുടെ അക്ഷമ മാത്രമാണ്. കൂടുതൽ സമയം കുട്ടികളോട് ചെലവഴിക്കുമ്പോൾ ഏത് വാശിക്കാരനും ചൊൽപ്പടിക്ക് വരുന്നു എന്നതാണ് വാസ്തവം.
വാശി, ദേഷ്യം, തർക്കുത്തരം പറയുക തുടങ്ങിയ കാര്യങ്ങൾ ഒട്ടുമിക്ക കുട്ടികളിലും ഒരു പ്രായത്തിൽ കണ്ടു വരാറുള്ളതാണ്.ഏറ്റവും കൂടുതൽ തല്ലു വാങ്ങിക്കൂട്ടുന്നതും ഈ അവസ്ഥയിലാണ് . തെറ്റെന്നു നിങ്ങൾ കണ്ടെത്തുന്ന കാര്യത്തെക്കുറിച്ചു കുട്ടിയോടു ചർച്ചചെയ്യുകയും പരിഹാരങ്ങൾ കുട്ടിയെക്കൊണ്ടുതന്നെ പറയിപ്പിക്കുകയും ചെയ്യുക. തന്റെ ശരികളും തെറ്റുകളും മനസിലാക്കാനുള്ള അവസരം കുട്ടികൾക്ക് നൽകുക.
കള്ളം പറയുന്ന സ്വഭാവമുള്ള കുട്ടിയാണ് എങ്കിൽ ഉടനടി അടിക്കുക എന്നതല്ല നേർവഴിക്ക് നയിക്കാനുള്ള മാർഗം. കള്ളം പറയുന്നത് മൂലമുണ്ടാകുന്ന ഭവിഷ്യത്തുകൾ അവനെ ബോധ്യപ്പെടുത്തണം. മാതാപിതാക്കളുടെ ശാസനകൾ മനസിലാക്കാൻ കുട്ടികൾക്ക് കഴിയണം. എന്നാൽ ഒരിക്കലും ഭയത്തോടു കൂടി മാതാപിതാക്കളെ കാണേണ്ട അവസ്ഥ ഉണ്ടാക്കരുത്.
അടിക്കരുത് എന്ന് കറുത്ത ശാസന പാടില്ലെന്നു അർത്ഥമില്ല. ”ചുവരു മുഴുവൻ ചായം തേച്ചാൽ, പെയിന്റും ബ്രഷും ഞാൻ വാങ്ങിവയ്ക്കും” , അമിതമായി കളിയ്ക്കാൻ സമയം വിനിയോഗിച്ചത് സൈക്കിൾ പൂട്ടിവയ്ക്കും” തുടങ്ങിയ ശാസനകൾ ബുദ്ധിപരമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള സ്‌പേസ് കുട്ടികൾക്ക് നൽകും. ഇത്തരത്തിൽ സ്വന്തം ശരികളും തെറ്റുകളും മനസിലാക്കി വേണം കുട്ടികൾ വളരാൻ.
Discussion about this post