ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍. കോട്ടയത്തെ ഓർത്തഡോക്സ് സഭാ ആസ്ഥാനം സന്ദർശിക്കാൻ ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചു. പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഓര്‍ത്തോഡ്ക്‌സ് സഭാധ്യക്ഷനെ കേന്ദ്ര മന്ത്രി വി മുരളീധരനും അനുഗമിച്ചു.
ഓർത്തഡോക്സ് സഭയുടെ ഡല്‍ഹി ഭദ്രാസനത്തിലെ ഈസ്റ്റര്‍ വാരാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായാണ് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ തലസ്ഥാനത്തെത്തിയത്. സഭയുടെ തലവനായി ചുമതലയേറ്റ ശേഷം പ്രധാനമന്ത്രിയെ കാണണമെന്നത് തന്റെ ആഗ്രഹമായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ കണ്ടതിന് ശേഷം, ശരിക്കും സന്തോഷം തോന്നുന്നു. അദ്ദേഹം സഭയുടേയും പള്ളിയുടേയും പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിച്ചു. താൻ വിശദീകരിച്ചു. അദ്ദേഹം സന്തോഷവാനായെന്നും ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രിയുടെ അടുത്ത കേരള സന്ദർശന വേളയിൽ തങ്ങളുടെ ആസ്ഥാനം സന്ദര്‍ശിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു. സഭയെ കുറിച്ചും അതിന്റെ രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ, ജീവകാരുണ്യ സ്ഥാപനങ്ങളെ കുറിച്ചും പ്രധാനമന്ത്രിക്ക് നല്ലത് പോലെ അറിയാമെന്നും ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ പറഞ്ഞു.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി മോദിയുടെ ‘സബ്കാ സാത്ത് സബ്കാ വികാസ്‘ ആശയത്തെ അടിസ്ഥാനമാക്കി വലിയ ജനസമ്പര്‍ക്ക പരിപാടിയാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടന്നതായും ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വികസന പരിപാടികളില്‍ തങ്ങൾ സന്തുഷ്ടരാണെന്നും അദ്ദേഹം അറിയിച്ചു.
ഓർത്തഡോക്സ് സഭാദ്ധ്യക്ഷനുമായി പാർലമെന്റിൽ നടന്ന കൂടിക്കാഴ്ച ഗുണകരമായിരുന്നുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരനും അറിയിച്ചു.
Discussion about this post