തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ മതപഠന ക്ലാസുകൾ വിലക്കി ജയിൽമേധാവി. ഇനി മോട്ടിവേഷൻ ക്ലാസുകൾ മാത്രം മതിയെന്നാണ് തീരുമാനം. ജയിൽമേധാവി ബൽറാം കുമാർ ഉപാദ്ധ്യായ ആണ് ഉത്തരവിറക്കിയത്. ജയിലുകളിൽ മതസംഘടനാ നേതാക്കൾക്ക് പ്രവേശിക്കാനും തടവുപുളളികൾക്ക് ആദ്ധ്യാത്മിക ക്ലാസുകൾ നൽകാനും അനുവാദം നിലനിന്നിരുന്നു. ഇതാണ് ഒഴിവാക്കിയത്.
മോട്ടിവേഷൻ സംഘടനകളുടെ പാനൽ തയ്യാറാക്കാൻ ജയിൽ സൂപ്രണ്ടുമാർക്ക് അദ്ദേഹം നിർദ്ദേശം നൽകി. കലാ സാംസ്‌കാരിക, കായിക, മാദ്ധ്യമരംഗങ്ങളിൽ നിന്നുളളവരെ പാനലിൽ ഉൾക്കൊളളിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
എന്നാൽ മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നതോടെ ആദ്ധ്യാത്മിക ക്ലാസുകൾ പൂർണമായി നിർത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതിനൊപ്പം മോട്ടിവേഷൻ ക്ലാസുകൾക്ക് പ്രാമുഖ്യം നൽകണമെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും ജയിൽ മേധാവി വിശദീകരണം നൽകി.
തടവുകാർക്ക് മാനസീക സന്തോഷം നൽകാനും കുറ്റകൃത്യവാസനകളിൽ നിന്ന് അവരെ പിന്തിരിപ്പിക്കാനും ലക്ഷ്യമിട്ടാണ് ജയിലിനുളളിൽ ആദ്ധ്യാത്മിക ക്ലാസുകൾക്കും മതപഠനത്തിനും അനുമതി നൽകിയത്. എന്നാൽ പുതിയ തീരുമാനത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
അതേസമയം തീരുമാനത്തിൽ ക്രൈസ്തവ സംഘടനകൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് അനുമതി തേടുന്ന സംഘടനകൾക്ക് മാത്രം അനുമതി നൽകാമെന്ന് ജയിൽ വകുപ്പ് വ്യക്തമാക്കി. പെസഹാ ദിനത്തിൽ അനുമതി നൽകിയ പരിപാടികൾക്ക് മാറ്റം വേണ്ടെന്നും അധികൃതർ അറിയിച്ചു.
Discussion about this post