തിരുവനന്തപുരം: മൊബൈൽ ഫോൺ ഹാക്ക് ചെയ്‌തെന്ന പരാതിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ട്വിറ്ററിലൂടെ പരാതിയുടെ പകർപ്പ് പുറത്തുവിട്ടുകൊണ്ടാണ് ഫോൺ ഹാക്ക് ചെയ്ത വിവരം അദ്ദേഹം അറിയിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഹാക്ക് ചെയ്തതിന് പിന്നാലെ ഹാക്കർ പിസിസി അദ്ധ്യക്ഷന്മാർക്കും നേതാക്കൾക്കും പണം ആവശ്യപ്പെട്ട് സന്ദേശം അയച്ചു. ഇത് കണ്ട് നേതാക്കൾ അദ്ദേഹത്തെ വിളിച്ചപ്പോഴാണ് ഫോൺ ഹാക്ക് ചെയ്തതായി വ്യക്തമായത്. ഇതോടെ വേണുഗോപാലിന്റെ സെക്രട്ടറി കെ. ശരത് ചന്ദ്രൻ പരാതി നൽകുകയായിരുന്നു. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിനാണ് പരാതി നൽകിയിട്ടുള്ളത്.
തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ട സാഹചര്യത്തിൽ എല്ലാവരും ജാഗരൂകരായി ഇരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംശയാസ്പദമായ കോളുകളോ, സന്ദേശങ്ങളോ ലഭിച്ചാൽ അതിനോട് പ്രതികരിക്കാതിരിക്കുക. കഴിഞ്ഞ ദിവസം മുതൽ ഹാക്കർമാർ തന്റെ ഫോൺ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ താനുമായി ബന്ധപ്പെട്ടവർക്ക് അയക്കുകയും, കോളുകൾ വിളിക്കുകയും ചെയ്യുന്നുണ്ട്. സംഭവത്തിൽ തന്റെ സെക്രട്ടറി പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.












