എറണാകുളം: കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടൻ ബാലയുടെ ആരോഗ്യനില തൃപ്തികരം. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ കരൾ മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
നിലവിൽ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലാണ് അദ്ദേഹമുള്ളത്. ആരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് അദ്ദേഹത്തെ പ്രത്യേകം സജ്ജീകരിച്ച മുറിയിലേക്ക് മാറ്റും. ഒരു മാസം അദ്ദേഹം ആശുപത്രിയിൽ തുടരും. ആശുപത്രിവിട്ടാലും കുറച്ചുകാലത്തേക്ക് പൂർണ വിശ്രമമാണ് ബാലയ്ക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്.
മാർച്ച് ആറിനാണ് ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനകളിൽ കരൾ രോഗമാണെന്ന് കണ്ടെത്തി. ഇതോടെ കരൾ എത്രയും പെട്ടെന്ന് മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശം നൽകുകയായിരുന്നു. നിരവധി പേരാണ് അദ്ദേഹത്തിന് കരൾ നൽകാൻ മുന്നോട്ടുവന്നത്. ഇതിൽ നിന്നും യോജിച്ച ദാതാവിനെ കണ്ടെത്തി. ദാതാവിന്റെ ആരോഗ്യനിലയും തൃപ്തികരമാണ്.
Discussion about this post