ലണ്ടന്‍: ഇന്ത്യയും ബ്രിട്ടനും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണത്തിനുള്ള തൊണ്ണൂറായിരം കോടി രൂപയുടെ കരാറുകളും സിവില്‍ ആണവ കരാറും ഒപ്പുവച്ചു. പ്രതിരോധം, സുരക്ഷ, ധനകാര്യം, വിദ്യാഭ്യാസം, ഗവേഷണം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പരസ്പര സഹകരണത്തിനുള്ള കരാറുകളാണ് ഒപ്പിട്ടത്. ബ്രിട്ടനില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് സുപ്രധാന കരാറുകള്‍ ഒപ്പിട്ടത്.
ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങള്‍ ലണ്ടനിലെ ഗില്‍ഡ്ഹാളില്‍ നടത്തിയ ചര്‍ച്ചയിലാണ് കരാറുകള്‍ക്ക് അന്തിമരൂപം നല്‍കിയത്.ബ്രിട്ടനിലെയും ഇന്ത്യയിലെയും കമ്പനികള്‍ തമ്മിലും കരാറുകള്‍ ഒപ്പിട്ടു.
പരസ്പരവിശ്വാസത്തിന്റെ തെളിവായാണ് ഈ കരാറുകള്‍ ഒപ്പിട്ടതെന്ന് പിന്നീട് സംയുക്ത പത്രസമ്മേളനത്തില്‍ മോദി പറഞ്ഞു. ഉഭയകക്ഷി ചര്‍ച്ചകള്‍ ശക്തമാക്കാനും സാങ്കേതിക വിദ്യ, സംസ്കാരം, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചതായി കാമറോണ്‍ പറഞ്ഞു.
യു. എന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നേടുന്ന കാര്യവും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഇന്ത്യ ബുദ്ധന്റെ നാടാണെന്നും ഒരുതരത്തിലുള്ള അസഹിഷ്ണുതയും അനുവദിക്കില്ലെന്നും മോദി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെറിയ സംഭവങ്ങളെ പോലും ശക്തമായി നേരിടുമെന്നും മോദി വ്യക്തമാക്കി.. തീവ്രവാദത്തെ വളര്‍ത്തുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് മോദി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ പ്രാദേശിക സമയം പത്ത് മണിക്കാണ് പ്രധാനമന്ത്രിയുടെ എയര്‍ ഇന്ത്യ വിമാനം ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ബ്രിട്ടീഷ് വിദേശകാര്യ സഹമന്ത്രി ഹ്യൂഗോ സ്വയറും ഇന്ത്യന്‍ വംശജയായ തൊഴില്‍ മന്ത്രി പ്രീതി പട്ടേലും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് വിമാനത്താവളത്തില്‍ മോദിയെ സ്വീകരിച്ചു. ലണ്ടനിലെ വീഥികളില്‍ ത്രിവര്‍ണ പതാകകളുമായി നൂറുകണക്കിന് ഇന്ത്യക്കാര്‍ മോദിക്ക് സ്വാഗതമോതി അണിനിരന്നിരുന്നു.
വെസ്റ്റ് മിന്സ്റ്ററില് ഗാര്‍ഡ് ഒഫ് ഓണര്‍ നല്കി മോദിയെ ഔദ്യോഗികമായി സ്വീകരിച്ചു. തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും മോദിയും തമ്മില്‍ പ്രതിനിധിതല ചര്‍ച്ച നടന്നു. പിന്നീട് ഇരുവരും സംയുക്ത പത്രസമ്മേളനം നടത്തി. അതിന് ശേഷം മോദി ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സമ്മേളനം പ്രത്യേകം വിളിച്ചു കൂട്ടുകയായിരുന്നു. നേരത്തേ പാര്‍ലമെന്റ് സ്ക്വയറിലെ ഗാന്ധി പ്രതിമയില്‍ മോദി ഹാരാര്‍പ്പണം നടത്തുകയും ചെയ്തു.
ഇന്ന് ബക്കിംഗ് ഹാം കൊട്ടാരത്തില്‍ എലിസബത്ത് രാജ്ഞിയുമായുള്ള ഉച്ചഭക്ഷണ കൂടിക്കാഴ്ചയാണ് മോദിയുടെ ഏറ്റവും പ്രധാന പരിപാടി. പിന്നീട് വടക്കന്‍ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ പ്രവാസികളുടെ സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. അറുപതിനായിരത്തോളം ഇന്ത്യക്കാര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post