അയ്യോ…ഓടല്ലേ, ചാടല്ലേ …വീഴും കയ്യും കാലും പൊട്ടും എന്നൊക്കെ പറഞ്ഞു കുട്ടികളെ വീട്ടിൽ അടക്കിയിരുത്താൻ കഷ്ടപ്പെടുന്ന മാതാപിതാക്കൾ പത്തനംതിട്ട സ്വദേശികളായ നിസ – ഷമീൻ ദമ്പതിമാരെ ഒന്ന് അടുത്തറിയണം. മക്കളായ ഇഷാനും ഒർഹാനും കാണിക്കുന്ന , കാണിക്കാൻ ആഗ്രഹിക്കുന്ന അഭ്യാസപ്രകടനങ്ങൾക്കൊക്കെ പൂർണ പിന്തുണയുമായി ഇവർ കൂടെയുണ്ട്.

ഒൻപത് വയസുള്ള ഇഷാനും ഏഴു വയസുകാരൻ ഒർഹാനും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കിഡീസ് സ്‌കൂപ് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പോയിട്ടുള്ളവർ ഇവരുടെ പ്രകടനങ്ങൾ കണ്ട് മൂക്കത്ത് വിരൽ വയ്ക്കും. മൂത്തവൻ എംടിബി ഫ്രീസ്റ്റൈലിസ്റ്റ് ആണ്. രണ്ടാമൻ ആകട്ടെ പാർകൗര് എന്ന ആയോധനകലയിലൂടെ കാണികളെ ഞെട്ടിക്കുന്നു. കുട്ടികൾ വ്യത്യസ്തരായി വളരണം എന്ന മാതാപിതാക്കളുടെ ആഗ്രഹമാണ് ഇത്തരമൊരു കായിക ഇനത്തിലേക്ക് ഇരുവരെയും എത്തിച്ചത്.

നാടും നാട്ടുകാരും പരിശീലനത്തെ എതിർത്തപ്പോൾ മാതാപിതാക്കളാണ് കട്ട സപ്പോർട്ടുമായി കൂടെ നിന്നത്. ഇഷാൻ സൈക്കിൾ കൊണ്ട് നടത്തുന്ന അഭ്യാസ പ്രകടനങ്ങളും ഒർഹാൻ സ്വന്തം ശരീരം കൊണ്ട് കാണിക്കുന്ന അഭ്യാസപ്രകടനങ്ങളും കാണികളെ ഞെട്ടിക്കുന്നുണ്ട്. പിതാവായ ഷമീൻ ആണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. മക്കളുടെ ആഗ്രഹം സാധിക്കുന്നതിനായി ഏതറ്റം വരെയും കൂടെയുണ്ടാകും എന്ന നിലപാടാണ് മാതാപിതാക്കൾക്ക്.

കിഡീസ് സ്‌കൂപ് എന്ന ഇൻസ്റ്റാഗ്രാം ചാനൽ വഴി ഇന്ന് കുട്ടികൾ വൈറലാണ്. നിരവധി കൊളാബറേഷനുകൾ കുട്ടി താരങ്ങളെ തേടി എത്തുന്നുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിലെ താരമാകുക എന്നതിൽ ഉപരിയായി ഏറെ ഗൗരവത്തോടെയും പാഷനോടെയുമാണ് ഇഷാനും ഒർഹാനും തങ്ങൾ കൈവച്ച മേഖലകളെ കാണുന്നത്. ദിവസവും മുടങ്ങാതെ രണ്ട് മണിക്കൂർ നേരമാണ് പരിശീലനം.













Discussion about this post