ലക്‌നൗ: സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം മുസ്ലീം യുവതിയെ വിവാഹം ചെയ്ത ഹിന്ദു യുവാവിന് നേരെ ആക്രമണം. യുവതിയുടെ സഹോദരൻ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിൽ പ്രതി ഷഹബെസ് അൻസാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
ബിജ്‌നോർ സ്വദേശി ഷട്ടീൽ ചൗഹാന് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീട്ടിലെത്തിയ ഷഹബെസ് സഹോദരി നർഗിസിന്റെ പേര് പറഞ്ഞ് ഷട്ടീലുമായി വഴക്കിട്ടു. ഇതിനിടെ കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് ഷട്ടീലിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഷട്ടീലിന്റെ മുഖത്താണ് പരിക്കേറ്റത്. നർഗിസിന്റെ ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷമായിരുന്നു രജ്പുത് വിഭാഗത്തിൽപ്പെട്ട ഷട്ടീലിനെ നർഗിസ് പ്രണയിച്ച് വിവാഹം ചെയ്തത്. ഇവരുടെ ബന്ധം വീട്ടിലറിഞ്ഞതോടെ വലിയ എതിർപ്പായിരുന്നു നർഗിസിന്റെ കുടുംബത്തിന് ഉണ്ടായത്. എന്നാൽ ഇത് വകവയ്ക്കാതെ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു.
അന്ന് മുതൽ തന്നെ ഷട്ടീലിന് യുവതിയുടെ കുടുംബത്തിൽ നിന്നും ഭീഷണിയുണ്ട്. ഇതിന് മുൻപും ഷഹ്‌ബെസ് സമാനരീതിയിൽ വീട്ടിലെത്തി വഴക്കുണ്ടാക്കിയിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഷട്ടീലിനെ ആക്രമിച്ച ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഷഹ്‌ബെസ് ഒളിവിൽ പോയിരുന്നു. വളരെ സാഹസികമായാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ രണ്ട് എഫ്‌ഐആറുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Discussion about this post