അമൃത്സർ: വിഘടനവാദി നേതാവ് അമൃത്പാൽ സിംഗ് ഈ മാസം സിഖുകാരുടെ യോഗം വിളിച്ചതിന് പിന്നാലെ ഏപ്രിൽ 14 വരെ എല്ലാ പോലീസുകാരുടേയും അവധി റദ്ദാക്കി പഞ്ചാബ് പോലീസ് ഉത്തരവിറക്കി. ഈ മാസം 14ന് പഞ്ചാബിലെ ബതിൻഡയിൽ സർബത് ഖൽസ സമ്മേളനം വിളിച്ച് ചേർക്കാനാണ് അമൃത്പാൽ നിർദ്ദേശം നൽകിയത്. 1986ലും 2015ലും മാത്രമാണ് ഇതിന് ‘സർബത്ത് ഖൽസ’ സഭ വിളിച്ച് ചേർത്തിട്ടുള്ളത്.
ഈ സാഹചര്യത്തിലാണ് എല്ലാ ഗസറ്റഡ്, നോൺ ഗസറ്റഡ് ഓഫീസർമാരുടേയും അവധികൾ റദ്ദാക്കിയതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചത്. ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ചുള്ള സന്ദേശം കൈമാറിക്കഴിഞ്ഞു. നേരത്തെ അനുവദിച്ച് കിട്ടിയ അവധികൾ റദ്ദാക്കുകയും, അവധിയിൽ പോയ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനും തീരുമാനമായി. വിഘടനവാദികളുടെ കൂട്ടായ്മയായ അകാൽ തഖ്തിനാണ് അമൃത്പാൽ നിർദ്ദേശം കൈമാറിയത്. ബട്ടിൻഡയിലെ ദംദാമ സാഹിബിലേക്ക് സിഖുകാരുടെ യാത്ര നടത്തണമെന്നാണ് അമൃത്പാൽ പറഞ്ഞിരിക്കുന്നത്. എന്നാൽ
സിഖ് പണ്ഡിതന്മാരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ സമ്മേളനം വിളിച്ചു ചേർക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി പറയുന്നത്. അമൃത്പാലിന്റേത് വ്യക്തിപരമായ സന്ദേശം മാത്രമാണ്. ”സർബത്ത് ഖൽസ” വിളിച്ചു ചേർക്കണോ വേണ്ടയോ എന്നത് അകാൽ തഖ്ത് നേതാവ് എടുക്കേണ്ട തീരുമാനമാണ്. നിലവിലെ സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും ഇവർ പറഞ്ഞു.
Discussion about this post