ന്യൂഡൽഹി/തിരുവനന്തപുരം: കേരളത്തിലെ റോഡുകളുടെ നിലവാരം ഉയർത്താൻ കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി കായംകുളം- പുനലൂർ പാത അടൂർവരെ നാല് വരിയാക്കും. രാജ്യത്തെ ഗതാഗത മേഖല പരിപോഷിപ്പിക്കുന്നതായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാത നാലുവരിയാക്കുന്നത്.
ദേശീയപാതയെയും എംസി റോഡിനെയും ബന്ധിപ്പിക്കുന്ന കെ-പി റോഡിന്റെ ഭാഗമാണ് നാലുവരിപാത. ഈ റോഡിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ കേരളം പദ്ധതിയുമായി ബന്ധപ്പെട്ടവർക്ക് കൈമാറിയിട്ടുണ്ട്. വിവരങ്ങൾ പരിശോധിച്ച ശേഷം സമയബന്ധിതമായി പാതയുടെ നവീകരണത്തിനായുള്ള പ്രവർത്തനങ്ങൾ കേന്ദ്രം നടപ്പിലാക്കും.
നേരത്തെ ഈ പാത മൂന്ന് വരിയാക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ ഇത് നടന്നില്ല. ഇതേ തുടർന്ന് ഈ റോഡിന്റെ വികസനം കേന്ദ്ര പദ്ധയിൽ ഉൾപ്പെടുത്താൻ കേരളം നിർദ്ദേശിച്ചത്. ശബരിമലയിലേക്കുള്ള പ്രധാന പാത പ്രവേശിക്കുന്നത് കെ-പി റോഡിലേക്കാണ്. അതിനാൽ പാത ഇരട്ടിപ്പിക്കുന്നതോടെ ഇതുവഴിയുള്ള ഗതാഗതം സുഗമമാകും. ഇതിന് പുറമേ തമിഴ്‌നാട്ടിൽ നിന്നും ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നതിനുള്ള പാത കൂടിയാണ് കെ-പി റോഡ്.
പാതയുടെ നവീകരണത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ ഉടൻ ആരംഭിക്കുമെന്നാണ് സൂചന. ഭൂമിയ്ക്ക് 2013 ലെ രജിസ്‌ട്രേഷൻ നിയമപ്രകാരം രജിസ്റ്റർ ചെയ്ത വിലയുടെ മൂന്നിരട്ടിയാകും കേന്ദ്രം നൽകുക.
Discussion about this post