അയോദ്ധ്യ: ഏപ്രിൽ 23ന് അയോദ്ധ്യയിലെ രാംലല്ലയിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജലാഭിഷേകം നടത്തും. 155 രാജ്യങ്ങളിലെ നദികളിൽ നിന്നുള്ള ജലം ശേഖരിച്ചാണ് അഭിഷേകത്തിനായി എത്തിക്കുന്നത്.
23ാം തിയതി അയോദ്ധ്യയിലെ മണിറാം ദാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എല്ലായിടങ്ങളിലും നിന്നുമുള്ള ജലം ശേഖരിച്ച കുംഭം മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ഡൽഹിയിൽ നിന്നുള്ള ബിജെപി നേതാവ് വിജയ് ജോളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് മുഖ്യമന്ത്രിക്ക് കൈമാറുന്നത്.
ശേഷം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചേർന്ന് ജലകലശ പൂജ നടത്തും. പാകിസ്താനിലെ രവി നദി ഉൾപ്പെടെ 155 രാജ്യങ്ങളിലെ നദികളിൽ നിന്നുള്ള വെള്ളമാണ് കലശത്തിൽ ഉണ്ടാവുക. പാകിസ്താനിൽ നിന്നുള്ള ഹിന്ദു വിഭാഗം രവി നദിയിലെ ജലം ശേഖരിച്ച ശേഷം ദുബായിലേക്ക് അയച്ചിരുന്നു. പിന്നീട് ഇത് ഡൽഹിയിൽ എത്തിച്ചു.
പാകിസ്താന് പുറമെ സുരിനാം, ചൈന, യുക്രെയ്ൻ, റഷ്യ, കസാക്കിസ്ഥാൻ, കാനഡ, ടിബറ്റ് എന്നീ രാജ്യങ്ങളിൽ നിന്നെല്ലാമുള്ള വെള്ളം കലശത്തിലുണ്ടാകും. ഡൽഹിയിൽ എത്തിച്ച ശേഷം ഇവ സംയോജിപ്പിച്ചാകും അയോദ്ധ്യയിൽ എത്തിക്കുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും യോഗി ആദിത്യനാഥിന്റേയും നേതൃത്വത്തിൽ അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണം അതിവേഗം പുരോഗമിക്കുകയാണെന്നും ചമ്പത് റായ് പറഞ്ഞു.
Discussion about this post