കേരളത്തിന്റെ സംസ്കാരവും പ്രകൃതിയും ആവാസവ്യവസ്ഥയുമെല്ലാം വിലയിരുത്തുമ്പോൾ മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി എല്ലാത്തിനും ഒരു തനത് മാതൃകയുണ്ടെന്ന് മനസിലാകും. എല്ലാ പ്രദേശങ്ങളിലും കിണറുകൾ ഉണ്ടെങ്കിലും കേരളത്തിലെ ആദ്യകാല കിണറുകളായ കൊക്കർണികൾ തീർത്തും വ്യത്യസ്തമായിരുന്നു. വടക്കൻ കേരളത്തിൽ ഇത് വാലൻ കിണറുകൾ എന്നാണ് അറിയപ്പെട്ടിരുന്നത്.
ഇന്ന് കൊക്കർണികൾ ചരിത്രത്തിന്റെ ഭാഗമായി മാഞ്ഞു തുടങ്ങിയിരിക്കുന്നു. കിണറുകൾക്ക് സമാനം എന്നു പറഞ്ഞെങ്കിലും, കിണറുകളിലെപ്പോലെ ‘കൊക്കർണി’കളിൽ വെള്ളം കോരിയെടുക്കുന്നതിനുള്ള കപ്പിയോ കയറോ ഉണ്ടാവുകയില്ല. പകരം, വെള്ളം എടുക്കുന്നതിനായി അടിത്തട്ടിൽ വരെ ഇറങ്ങിച്ചെല്ലുവാൻ സാധിക്കുന്ന വിധത്തിലുള്ള ചവിട്ടുപടികളാണ് ഇവയ്ക്കുണ്ടാവുക. ഇത്തരത്തിൽ ചവിട്ടുപടികൾ തീർക്കുവാനും കാരണമുണ്ട്.
കടുത്ത വേനൽക്കാലങ്ങളിൽ, പ്രദേശത്തെ മറ്റു ജലസ്രോതസുകൾ വറ്റിവരണ്ടാൽപ്പോലും ‘കൊക്കർണി’കളിൽ ആവശ്യത്തിനു ജലലഭ്യതയുണ്ടാകും. പടികൾ ഇറങ്ങിച്ചെന്നു വെള്ളം എടുക്കാനും എളുപ്പം.ഏറെ സൂക്ഷ്മതയോടെയും കൃത്യതയോടെയുമാണ് ‘കൊക്കർണി’കളുടെ സ്ഥാനനിർണ്ണയവും നിർമ്മാണവും നടത്തിയിരുന്നത്. ആദ്യകാലത്ത് ക്ഷേത്രസംബന്ധമായ പൂജാദികാര്യങ്ങൾക്ക് ഇവയിൽ നിന്നുള്ള ജലമാണ് ഉപയോഗിച്ചിരുന്നത് എന്നതുകൊണ്ടു തന്നെ കൂടുതലായും ക്ഷേത്രങ്ങളോടനുബന്ധിച്ചും, സമാനസദൃശമായ മറ്റിടങ്ങളിലുമാണ് ഇവ കാണാനാകുന്നത്.
കൊക്കർണികൾ പല ആകൃതിയിൽ കാണാനാകും. വൃത്തരൂപത്തിലും, ചതുരാകൃതിയിലും, ഷ്ടഭുജാകൃതിയിലും ഒക്കെ കൊക്കർണികളുടെ നിർമ്മിതിയുണ്ട്. എന്നാൽ മനുഷ്യർ കൂടുതൽ സൗകര്യങ്ങൾ തേടി പുതിയ മേച്ചില്പുറങ്ങളിലേക്ക് സഞ്ചാരം തുടങ്ങിയതോടെ കൊക്കർണികൾ പലതും അപ്രത്യക്ഷമായി.
Discussion about this post