കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസിലെ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പതിനൊന്ന് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. 14 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് 11 ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു.
കനത്ത സുരക്ഷയിലാണ് പോീസ് പ്രതിയുമായി കോടതിയിലേക്കെത്തിയത്. കോടതി പരിസരത്തും വൻ സുരക്ഷയാണ് ഒരുക്കിയത്. പ്രതിയെ കോടതിയിൽ നിന്നും മാലൂർക്കുന്ന് എ ആർ ക്യാമ്പിൽ എത്തിച്ചു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ് പാൽമീണ മാലൂർ ക്യാമ്പിലെത്തിച്ചേർന്നിട്ടുണ്ട്. അവിടെവെച്ചാകും ആദ്യം ചോദ്യംചെയ്യുക. അതിന് ശേഷം തെളിവെടുപ്പും നടത്തും.
ഇന്നലെ വിശദമായ വൈദ്യ പരിശോധനകൾക്കായി കോഴിക്കോട് മെഡിക്കൽ കേളേജിൽ ഇയാളെ പ്രവേശിപ്പിച്ചിരുന്നു. പരിശോധനകൾക്ക് ശേഷം പ്രത്യേക മെഡിക്കൽ ബോർഡ് കൂടുകയും ആശുപത്രിയിൽ നിന്നും ഇയാളെ ഡിസ്ചാർജ് ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നു.
അതേസമയം പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. ട്രെയിൻ തീവെപ്പിനിടെ ട്രാക്കിൽ വീണുമരിച്ച മൂന്നുപേരുടെ മരണത്തിൽ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. എന്നാൽ പ്രതിക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
Discussion about this post