ന്യൂഡൽഹി: അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണം എന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ മുറവിളി കൂട്ടുമ്പോൾ, പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കി അദാനിയെ പിന്തുണച്ച് എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിൻഡൻബർഗിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ, അദാനിക്കെതിരെ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണം എന്ന ആവശ്യത്തോട് തനിക്ക് യോജിപ്പില്ലെന്ന് ശരദ് പവാർ വ്യക്തമാക്കിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ സഖ്യകക്ഷിയായ കോൺഗ്രസിന്റെ അഭിപ്രായമല്ല തങ്ങൾക്ക് എന്ന് ശരദ് പവാർ പറഞ്ഞതായാണ് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
വിഷയത്തിൽ അദാനിയെ ശക്തമായി പ്രതിരോധിച്ചാണ് എൻസിപി നിലപാട് സ്വീകരിച്ചിരിക്കുന്നത്. അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് സ്ഥാപിത താത്പര്യത്തോടെ ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും എൻസിപി അഭിപ്രായപ്പെടുന്നു.
ഹിൻഡൻബർഗ് റിപ്പോർട്ടിന് അനാവശ്യമായ പ്രാധാന്യമാണ് ചിലർ നൽകുന്നത്. ആരാണ് ഈ ഹിൻഡൻബർഗ്? എന്താണ് അവരുടെ വിശ്വാസ്യത? അവരുടെ പശ്ചാത്തലം എന്താണ്? രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന തരത്തിൽ ഒരു കോലാഹലം സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞിരിക്കുന്നുവെങ്കിൽ, അതിന്റെ ദൂഷ്യഫലം രാജ്യത്തിന്റെ സമ്പദ്ഘടന അനുഭവിക്കേണ്ടി വരും. ഇക്കാര്യങ്ങൾ നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് സ്ഥാപിത താത്പര്യത്തോടെ ആണെന്ന് തങ്ങൾ സംശയിക്കുന്നത് ഈ പശ്ചാത്തലത്തിലാണെന്നും ശരദ് പവാർ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ വ്യവസായികളെ ചിലർ ഉന്നം വെക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. രാജ്യതാത്പര്യത്തിന് വിരുദ്ധമായി ഇക്കാര്യത്തിൽ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്നത് പരിശോധിക്കണം. ജെപിസി അന്വേഷണം എന്ന കാര്യത്തിൽ ഇവിടെയാണ് തന്റെ അഭിപ്രായ വ്യത്യാസമെന്നും ശരദ് പവാർ പറയുന്നു.
രാഹുൽ ഗാന്ധി ഉന്നയിക്കുന്ന അദാനി- അംബാനി വിരുദ്ധ മുദ്രാവാക്യങ്ങളോട് തനിക്ക് യോജിപ്പില്ല. കുറച്ച് മുൻപ് ചിലർ ടാറ്റ- ബിർള വിരുദ്ധ മുദ്രാവാക്യങ്ങളും ആരോപണങ്ങളും ഉന്നയിച്ചിരുന്നു. എന്നിട്ട് ഇപ്പോൾ എന്തായി? ഇതിനെയും അങ്ങനെ കണ്ടാൽ മതിയെന്നും പവാർ പറഞ്ഞു.
ഇടതുപക്ഷം ഉൾപ്പെടെയുള്ള പാർട്ടികളുമായി സഹകരിച്ച് അദാനി വിഷയത്തിൽ ഒച്ചപ്പാടുണ്ടക്കാനുള്ള ശ്രമം കോൺഗ്രസ് തുടരുമ്പോൾ, പ്രതിപക്ഷ സഖ്യത്തിന് കനത്ത തിരിച്ചടിയാണ് ശരദ് പവാറിന്റെയും എൻസിപിയുടെയും നിലപാട്. സവർക്കർ വിവാദത്തിൽ ശരദ് പവാർ ഇടപെട്ട് രാഹുലിന്റെ വായടപ്പിച്ചതും കോൺഗ്രസിന് ക്ഷീണമുണ്ടാക്കിയിരുന്നു.
Discussion about this post