ബംഗളൂരു: കിച്ച സുദീപിന് പിന്നാലെ കർണാടകയിൽ ബിജെപിയ്ക്കായി രംഗത്ത് ഇറങ്ങാൻ കൂടുതൽ സിനിമാ താരങ്ങൾ. കന്നഡ നടൻ ദർശൻ, നടിയും സ്വതന്ത്ര എംപിയുമായ സുമതല അംബരീഷ് എന്നിവരാണ് ബിജെപിയ്ക്കായി പ്രചാരണത്തിനിറങ്ങുക. ഇതോടെ തിരഞ്ഞെടുപ്പിൽ കൂടുതൽ നേട്ടം സ്വന്തമാക്കാൻ ബിജെപിയ്ക്ക് കഴിയും.
ഭരണകാലയളവിൽ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളാണ് ദർശനെ ആകർഷിച്ചത്. ബിജെപിയോടുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിക്കുന്നതിന് വേണ്ടി അദ്ദേഹം കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം വിളിച്ചിരുന്നു. എന്നാൽ തിരക്കുകളെ തുടർന്ന് അത് റദ്ദാക്കുകയായിരുന്നു. എന്നാൽ അടുത്ത ദിവസം മുതൽ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
തിരഞ്ഞെടുപ്പിന് മുൻപുതന്നെ ബിജെപിയ്ക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച എംപിയാണ് സുമലത. ഇതിന്റെ തുടർച്ചയെന്ന നിലയിലാണ് സുമലത പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്നത്. നടി എന്ന നിലയിലും, എംപി എന്ന നിലയിലും മാണ്ഡ്യയിലെ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിത്വമാണ് സുമലത. അതിനാൽ സുമലത പ്രചാരണത്തിന് ഇറങ്ങുന്നത് ഇവിടെയുള്ള ജനങ്ങളുടെ വോട്ടുകൾ ഉറപ്പാക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്. വൊക്കലിംഗ സമുദായത്തിലാണ് സുമലത ഉൾപ്പെടുന്നത്. അതിനാൽ സമുദായ വോട്ടുകളും സുരക്ഷിതമാക്കാൻ ബിജെപിയ്ക്ക് കഴിയും. വരും ദിവസങ്ങളിലും കൂടുതൽ താരങ്ങൾ ബിജെപിയ്ക്കായി രംഗത്ത് ഇറങ്ങുമെന്നാണ് സൂചന.
അതേസമയം താരങ്ങൾ ബിജെപിയ്ക്കായി പ്രചാരണത്തിനിറങ്ങുന്നത് കോൺഗ്രസിന് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. താരങ്ങളുടെ സ്വാധീനം ബിജെപിയുടെ വോട്ടുകളിൽ വർദ്ധനവ് ഉണ്ടാക്കുമോയെന്നാണ് ഇവരുടെ ഭയം.
Discussion about this post