ഗുവാഹട്ടി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് എടുത്തു. ഓപ്പണർമാരായ ജോസ് ബട്ട്ലറുടെയും യശസ്വി ജെയ്സ്വാളിന്റെയും അർദ്ധ ശതകങ്ങളാണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്.
ഓപ്പണിംഗ് വിക്കറ്റിൽ 8.3 ഓവറിൽ ബട്ട്ലറും ജെയ്സ്വാളും ചേർന്ന് 98 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 31 പന്തിൽ 60 റൺസ് നേടിയ ജെയ്സ്വാൾ പുറത്തായതോടെ രാജസ്ഥാൻ ബാറ്റിംഗിന് താളം നഷ്ടമായി. ക്യാപ്ടൻ സഞ്ജു സാംസൺ പൂജ്യത്തിന് പുറത്തായതും റിയാൻ പരാഗ് 7 റൺസുമായി മടങ്ങിയതും അവർക്ക് തിരിച്ചടിയായി. പിന്നീട് വന്ന ഷിമ്രോൺ ഹെറ്റ്മെയറുമായി ചേർന്ന് ബട്ട്ലർ വീണ്ടും ആക്രമണം ആരംഭിച്ചതോടെ, രാജസ്ഥാൻ 200 കടക്കുമെന്ന തോന്നൽ വീണ്ടും ഉയർന്നു.
എന്നാൽ 51 പന്തിൽ 79 റൺസുമായി തകർത്താടിയ ബട്ട്ലറെ സ്വന്തം പന്തിൽ മുകേഷ് കുമാർ പിടിച്ച് പുറത്താക്കിയതോടെ, രാജസ്ഥാന്റെ ഇന്നിംഗ്സ് 199ൽ അവസാനിക്കുകയായിരുന്നു.
ഹെറ്റ്മെയർ 21 പന്തിൽ 39 റൺസുമായി പുറത്താകാതെ നിന്നു. ഡൽഹിക്ക് വേണ്ടി മുകേഷ് കുമാർ 2 വിക്കറ്റും കുൽദീപ് യാദവും റോവ്മാൻ പവലും ഓരോ വിക്കറ്റും വീഴ്ത്തി.
Discussion about this post