ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരായ കോൺഗ്രസ് പ്രചാരണങ്ങളുടെ മുനയൊടിച്ച് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവും എൻസിപി നേതാവുമായ അജിത് പവാർ. നരേന്ദ്ര മോദിയെ നേതാവായി ഉയർത്തിക്കാട്ടിയാണ് 2014ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയത്. ഇന്ന് രാജ്യത്തെ അപ്രാപ്യമെന്ന് കരുതിയ വിദൂര കോണുകളിൽ പോലും ബിജെപി കടന്നുചെന്നിരിക്കുന്നു. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാജിക്കല്ലെങ്കിൽ പിന്നെ എന്താണെന്ന് അജിത് പവാർ ചോദിച്ചു.
2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാര തുടർച്ച നൽകിയതും മോദി മാജിക്ക് തന്നെയാണ്. പ്രധാനമന്ത്രിക്കെതിരായ ബിരുദ സർട്ടിഫിക്കറ്റ് വിവാദം അനാവശ്യമാണെന്നും, അക്കാര്യത്തിൽ തനിക്ക് കൂടുതൽ ഒന്നും പറയാനില്ലെന്നും അജിത് പവാർ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് ശേഷം പ്രധാനമന്ത്രിക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങളും ഉയർന്നിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റില്ല. വിവിധ സംസ്ഥാനങ്ങളിൽ ബിജെപിയുടെ വിജയം വീണ്ടും ആവർത്തിച്ചുവെന്നും അജിത് പവാർ ചൂണ്ടിക്കാട്ടി.
രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ഉപയോഗത്തെയും അജിത് പവാർ പിന്തുണച്ചു. ഇവിഎമ്മിൽ തനിക്ക് പരിപൂർണ വിശ്വാസമുണ്ട്. വോട്ടിംഗ് യന്ത്രങ്ങൾ അട്ടിമറിക്കാൻ സാധിക്കുമെന്ന് ഇന്നും വിശ്വസിക്കുന്നവരോട് സഹതാപമാണ് ഉള്ളത്. തിരഞ്ഞെടുപ്പുകളിൽ തോറ്റ് തുടങ്ങിയപ്പോഴാണ് പലരും വോട്ടിംഗ് യന്ത്രങ്ങളെ പഴിക്കാൻ തുടങ്ങിയത്. ഇത്തരം പ്രചാരണങ്ങളൊക്കെ അവസാനിപ്പിച്ച് ജനവിധികളെ അംഗീകരിക്കാൻ പഠിക്കലാണ് രാഷ്ട്രീയ ധാർമ്മികതയെന്നും ദേശീയ മാദ്ധ്യമത്തോട് അജിത് പവാർ പറഞ്ഞു.
വോട്ടിംഗ് യന്ത്രങ്ങൾ അട്ടിമറിക്കപ്പെടുമായിരുന്നു എങ്കിൽ, ഛത്തീസ്ഗഢിലും പശ്ചിമ ബംഗാളിലും രാജസ്ഥാനിലും പഞ്ചാബിലും കേരളത്തിലും തമിഴ്നാട്ടിലും തെലങ്കാനയിലും ആന്ധ്രാ പ്രദേശിലും എന്തുകൊണ്ട് പ്രതിപക്ഷ പാർട്ടികൾക്ക് ഭരണം ലഭിച്ചുവെന്ന് അജിത് പവാർ ചോദിച്ചു.
അദാനി വിവാദത്തിൽ കോൺഗ്രസിനെയും സംഘത്തെയും തള്ളിപ്പറഞ്ഞ് എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ രംഗത്തെത്തി മണിക്കൂറുകൾക്കകമാണ് പ്രധാനമന്ത്രിക്കെതിരായ പ്രതിപക്ഷ ആരോപണങ്ങളെ, പ്രത്യേകിച്ച് കോൺഗ്രസിന്റെ ആരോപണങ്ങളെ തള്ളിപ്പറഞ്ഞ് അജിത് പവാറും രംഗത്ത് എത്തിയിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിൻഡൻബർഗിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ, അദാനിക്കെതിരെ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണം എന്ന ആവശ്യത്തോട് തനിക്ക് യോജിപ്പില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ശരദ് പവാർ പറഞ്ഞത്.
Discussion about this post