ഗുവാഹട്ടി: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസിന് തുടർച്ചയായ മൂന്നാം തോൽവി. ബാറ്റിംഗിലും ബൗളിംഗിലും ഒരേ പോലെ ആധിപത്യം പുലർത്തിയ രാജസ്ഥാൻ റോയൽസ് 57 റൺസിനാണ് ഡൽഹിയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട രാജസ്ഥാൻ, 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഡൽഹിയുടെ പോരാട്ടം 20 ഓവറിൽ 9ന് 142ൽ അവസാനിച്ചു.
ഓപ്പണർമാരായ ജോസ് ബട്ട്ലറുടെയും യശസ്വി ജെയ്സ്വാളിന്റെയും അർദ്ധ ശതകങ്ങളാണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. ബട്ട്ലർ 51 പന്തിൽ 79 റൺസും ജെയ്സ്വാൾ 31 പന്തിൽ 60 റൺസും നേടി. ക്യാപ്ടൻ സഞ്ജു സാംസൺ പൂജ്യത്തിന് പുറത്തായി. ഷിമ്രോൺ ഹെറ്റ്മെയർ 21 പന്തിൽ 39 റൺസുമായി പുറത്താകാതെ നിന്നു. ഡൽഹിക്ക് വേണ്ടി മുകേഷ് കുമാർ 2 വിക്കറ്റും കുൽദീപ് യാദവും റോവ്മാൻ പവലും ഓരോ വിക്കറ്റും വീഴ്ത്തി.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ഡൽഹിക്ക് വേണ്ടി ക്യാപ്ടൻ ഡേവിഡ് വാർണർ മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചു നിന്നത്. വാർണർ 65 റൺസെടുത്തു. 38 റൺസെടുത്ത ലളിത് യാദവ് ഒഴികെ മറ്റ് ബാറ്റ്സ്മാന്മാരെല്ലാം പരാജയമായി.
4 ഓവറിൽ 27 റൺസിന് 3 വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലും 4 ഓവറിൽ 29 റൺസിന് 3 വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ടും രാജസ്ഥാന് വേണ്ടി നന്നായി പന്തെറിഞ്ഞു. അശ്വിൻ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ, സന്ദീപ് ശർമ്മയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.
ഡൽഹി ക്യാപ്പിറ്റൽസിന്റെ ഓപ്പണറും ഇംപാക്ട് പ്ലേയറുമായ പൃഥ്വി ഷായെ പുറത്താക്കാൻ സഞ്ജു എടുത്ത ഡൈവിംഗ് ക്യാച്ച് ശ്രദ്ധേയമായി.
Discussion about this post