കോഴിക്കോട്: എലത്തൂരിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ തീവയ്പ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്. മറ്റൊരു വൻ ആക്രമണമാണ് ഷാറൂഖ് സൈഫി ലക്ഷ്യമിട്ടതെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഇതിന് വേണ്ടി നടത്തിയ ചെറിയ പരീക്ഷണമാണ് എലത്തൂരിലേത് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
കൃത്യമായ ഗൂഢാലോചനയ്ക്ക് ശേഷമാണ് ഡൽഹിയിൽ നിന്നും ഷാറൂഖ് സൈഫി കേരളത്തിൽ എത്തിയത്. ഒറ്റയ്ക്കല്ല കൃത്യം നടത്തിയത്. മറ്റുള്ളവരുടെ സഹായവും ആക്രമണത്തിനായി ഷാറൂഖിന് ലഭിച്ചിട്ടുണ്ട്. എന്നാൽ പ്രൊഫഷണലായി പരിശീലനം ലഭിച്ചിട്ടില്ല. അങ്ങിനെ ലഭിച്ചിരുന്നുവെങ്കിൽ ആക്രമിക്കുമ്പോൾ ഷാറൂഖിന് പരിക്കേൽക്കില്ലായിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ഇതിന് മുൻപും ഷാറൂഖ് കേരളത്തിൽ എത്തിയിട്ടുണ്ട്. ആക്രമണം നടത്തുന്നതിന് മുൻപ് ചിലരുമായി ഷാറൂഖ് ഫോണിൽ ബ ന്ധപ്പെട്ടിട്ടുണ്ട്. ഈ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്. നിലവിൽ ഈ നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും പോലീസ് അറിയിക്കുന്നു.
അതേസമയം ഷാറൂഖിനെ ചോദ്യം ചെയ്യുന്നത് തുടരും. ഇയാൾക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന കാര്യം കഴിഞ്ഞ ദിവസം കേന്ദ്ര ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിന് വേണ്ടി കൂടിയാണ് ചോദ്യം ചെയ്യുന്നത്. എന്തിന് വേണ്ടി കൊലപ്പെടുത്തി, ആസൂത്രണത്തിന് പിന്നിൽ ആരൊക്കെ തുടങ്ങിയ വിവരങ്ങളാണ് പ്രതിയിൽ നിന്നും പോലീസ് തേടുന്നത്.
Discussion about this post