കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാമനവമി ദിനത്തിൽ ഹിന്ദുക്കൾക്ക് നേരെ മതതീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി വിശ്വ ഹിന്ദു പരിഷത്. നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടും ഇവരെ പിടികൂടാതെ പോലീസ് ഒളിച്ചുകളി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി വിഎച്ച്പി രംഗത്ത് എത്തിയത്. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ തുടരുന്നതെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് പ്രവർത്തകരുടെ തീരുമാനം. അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രതിഷേധ പരിപാടികൾ വിഎച്ച്പി സംഘടിപ്പിക്കുന്നുണ്ട്.
ഹിന്ദുക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ മമതയും തൃണമൂൽ സർക്കാരും പരാജയപ്പെട്ടെന്ന് വിഎച്ച്പി നേതാവ് പറഞ്ഞു. ഇതിൽ ശക്തമായി പ്രതിഷേധിക്കാനാണ് തീരുമാനം. ബംഗാളിലെ അക്രമ സംഭവങ്ങളിൽ സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാമനവമി ദിനത്തിൽ പശ്ചിമ ബംഗാളിലെ ഹൂഗ്ലി, ഹൗറ എന്നീ ജില്ലകളിലെ വിവിധ ഭാഗങ്ങളിലാണ് അക്രമം ഉണ്ടായത്. ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രയ്ക്കിടെയായിരുന്നു മിക്ക സ്ഥലങ്ങളിലും ആക്രമണം ഉണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും രണ്ട് പേർ മരണപ്പെടുകയും ചെയ്തിരുന്നു.
Discussion about this post