മോസ്‌കോ: റഷ്യയിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതങ്ങളിലൊന്നായ ഷിവേലുച്ച് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. അന്തരീക്ഷത്തിൽ 20 കിലോമീറ്റർ ഉയരത്തിൽ വരെ പുകയും ചാരവും ഉയരുന്നുണ്ട്. അഗ്നിപർവ്വതത്തിന്റെ തൊട്ടടുത്ത് താമസിക്കുന്നവരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. സമീപമേഖലകളിൽ താമസിക്കുന്നവരോട് വീടിനുള്ളിൽ തന്നെ തുടരണമെന്നും പുറത്തിറങ്ങുകയാണെങ്കിൽ മാസ്‌ക് ധരിക്കണമെന്നുമാണ് നിർദ്ദേശിച്ചിരിക്കുന്നത്.
സമുദ്ര നിരപ്പിൽ ഏകദേശം 2500 മീറ്റർ ഉയരത്തിലാണ് ഷിവേലുച്ച് അഗ്നിപർവ്വതം. അഞ്ച് മണിക്കൂറോളം സമയം തുടർച്ചയായ ലാവാ പ്രവാഹം ഉണ്ടായിരുന്നു. പിന്നാലെ ചൂട് ചാരവും പുകയുമെല്ലാം അന്തരീക്ഷത്തിലേക്ക് ഉയർന്നു. സമീപ പ്രദേശങ്ങളിലെ വീടുകളിലും വാഹനങ്ങളുടേയും മുകളിൽ ചാരം മൂടിക്കിടക്കുന്നതിന്റെ ദൃശ്യങ്ങടക്കം പുറത്ത് വന്നിട്ടുണ്ട്.
അഗ്നിപർവ്വതത്തോട് ചേർന്നുള്ള ഇടങ്ങളിലെല്ലാം റെഡ് അലർട്ട് നൽകിയിട്ടുണ്ട്. ഷിവേലുച്ച് അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചതിനെ മേഖലയിലൂടെയുള്ള വ്യോമഗതാഗതം നിരോധിച്ചിരിക്കുകയാണ്. റഷ്യയിലെ തന്നെ ബെസിമിയാനി അഗ്നിപർവ്വതത്തിലും കഴിഞ്ഞ ദിവസം ലാവാ പ്രവാഹം ഉണ്ടായിരുന്നു. മേഖലയിലും സമാനമായ രീതിയിൽ വ്യോമഗതാഗതം നിയന്ത്രിച്ചിരുന്നു. നിലവിൽ രണ്ട് അഗ്നിപർവ്വതങ്ങളുടേയും 25 കിലോമീറ്റർ ചുറ്റളവ് നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്.
https://twitter.com/Russia/status/1645543894006784000
https://twitter.com/volcaholic1/status/1645550584076836872
https://twitter.com/TreasChest/status/1645541479949934592
Discussion about this post