ന്യൂഡൽഹി: സിപിഐക്ക് ദേശീയ പാർട്ടി പദവി നഷ്ടമായത് തിരഞ്ഞെടുപ്പ് കമ്മീഷൻ ചരിത്രം പരിഗണിക്കാതിരുന്നത് കൊണ്ട് പറ്റിയതാണെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. സിപിഐയുടെ സംഭാവനകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കണമായിരുന്നു. ദേശീയ പാർട്ടി അല്ലെങ്കിലും, വരുന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടി കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിക്കുമെന്നും രാജ പറഞ്ഞു. ചില നിയമങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള തീരുമാനമാണ് ഇതെന്നും രാജ പറഞ്ഞു.
പരിഷ്കരിച്ച മാനദണ്ഡ പ്രകാരമാണ് സിപിഐക്ക് ദേശീയ പാർട്ടി പദവി നഷ്ടമായതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഏതെങ്കിലും ഒരു മാനദണ്ഡ പ്രകാരം പദവി നിർണയിക്കുന്നത് ശരിയല്ല. സാങ്കേതിക കാര്യം മാത്രമാണ് അതെന്നും കാനം പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനത്തിനോ സംഘടനാ പ്രവർത്തനത്തിനോ ഒരു തടസവും ഇല്ല. അംഗീകാരമേ ഇല്ലാത്ത കാലത്തും പ്രവർത്തിച്ച പാർട്ടിയാണ് സിപിഐ എന്നും കാനം പ്രതികരിച്ചു.
2014, 2019 വർഷങ്ങളിലെ സീറ്റ് നില,വോട്ട് ശതമാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് സിപിഐക്ക് ദേശീയ പാർട്ടി എന്ന പദവി നഷ്ടമായത്. സിപിഐയെ കൂടാതെ എൻസിപി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾക്കും ദേശീയ പദവി നഷ്ടമായിട്ടുണ്ട്.
Discussion about this post