തിരുവനന്തപുരം : മുഖ്യമന്ത്രി വിളിച്ചുചേർത്ത ഇഫ്താർ വിരുന്നിൽ ലോകായുക്തമാർ പങ്കെടുത്തത് സുപ്രീംകോടതിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമായാണെന്ന് മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസനിധി കേസിലെ പരാതിക്കാരൻ ആർ.എസ്.ശശികുമാർ. ലോകായുക്ത എന്ന സംവിധാനത്തെയല്ല, ലോകായുക്തയുടെ നടപടികളെയാണ് താൻ വിമർശിച്ചത്. ലോകായുക്തയിൽ വിശ്വാസമുള്ളതു കൊണ്ടാണ് അഞ്ചു വർഷങ്ങൾക്കു മുൻപ് ഫയൽ ചെയ്ത ഹർജി തീർപ്പാക്കുന്നതിന് വാദം നടക്കുന്ന ദിവസങ്ങളിലെല്ലാം ഹാജരായിരുന്നത് എന്നും ആർ.എസ്. ശശികുമാർ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ കേസ് സജീവ പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രി വിളിച്ച വിരുന്നിൽ പങ്കെടുത്തത്. ഇതിലെ അനൗചിത്യമാണ് വിമർശിക്കപ്പെട്ടത്. മുൻ മന്ത്രി കെ.ടി.ജലീൽ മ്ലേച്ഛമായ ഭാഷയിൽ ലോകായുക്തയെ പരസ്യമായി വിമർശിച്ചിട്ടും മറിച്ച് ഒരക്ഷരംപോലും പറഞ്ഞിരുന്നില്ല. എന്നാൽ സ്വന്തം നടപടികളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി വിമർശിച്ച ഹർജിക്കാരനെ തുറന്ന കോടതിയിൽ പരസ്യമായി പേപ്പട്ടിയെന്ന് അധിക്ഷേപിച്ചതിന്റെ ഔചിത്യം ജനങ്ങൾ വിലയിരുത്തും.
പേപ്പട്ടി ഹർജിക്കാരെന്റേതായാലും, ലോകയുക്തയുടെതായാലും പേ പിടിച്ചാൽ മാറിപോവുകയല്ല, തല്ലികൊല്ലുകയാണ് വേണ്ടത്. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാൽ എന്തു ചെയ്യുമെന്നും ആർ.എസ്.ശശികുമാർ ചോദിച്ചു.
Discussion about this post