ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഒന്നാം ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. 189 അംഗ സ്ഥാനാർത്ഥി പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. പട്ടികയിൽ സ്ത്രീകൾക്കും പുതുമുഖങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും മികച്ച പ്രാതിനിധ്യമാണ് ബിജെപി നൽകിയിരിക്കുന്നത്.
ഒബിസി വിഭാഗത്തിൽ നിന്നും 30 സ്ഥാനാർത്ഥികളും പട്ടിക വിഭാഗത്തിൽ നിന്നും 46 സ്ഥാനാർത്ഥികളും പട്ടികയിൽ ഉൾപ്പെടുന്നു. സ്ഥാനാർത്ഥി പട്ടികയിൽ 52 പേർ പുതുമുഖങ്ങളാണ്. 8 സ്ത്രീകളും പട്ടികയിലുണ്ട്.
സ്വന്തം മണ്ഡലമായ ഷിഗ്ഗാവിൽ നിന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മത്സരിക്കുന്നത്. ബിജെപി പ്രഖ്യാപിച്ച ഒന്നാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ 9 പേർ ഡോക്ടർമാരും 5 പേർ അഭിഭാഷകരും 3 പേർ വിദ്യാഭ്യാസ വിചക്ഷണന്മാരും ഒരാൾ വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥനും ഒരാൾ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനും 3 പേർ വിരമിച്ച സർക്കാർ ജീവനക്കാരും 8 പേർ സാമൂഹിക പ്രവർത്തകരുമാണ്.
മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ മണ്ഡലമായ ശിക്കാരപുരയിൽ നിന്നും ഇത്തവണ മകൻ ബി വൈ വിജയേന്ദ്രയാണ് മത്സരിക്കുന്നത്. ചിക്കമംഗ്ലൂർ സീറ്റിൽ ബിജെപിയുടെ ശക്തനായ നേതാവ് സി ടി രവിയാണ് സ്ഥാനാർത്ഥി. കനകപുരയിൽ സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ എതിരാളി ബസവരാജ് ബൊമ്മൈ മന്ത്രിസഭയിലെ അംഗം ആർ അശോകയാണ്. വരുണയിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യക്കെതിരെ മന്ത്രി വി സോമണ്ണയും മത്സരിക്കുന്നു.
മെയ് 10നാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്. മെയ് 13നാണ് വോട്ടെണ്ണൽ. കർണാടക നിയമസഭയിലെ 224 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.
Discussion about this post