ഇടുക്കി: അരിക്കൊമ്പനെ പിടികൂടുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ സംസ്ഥാനത്തേക്ക് എത്തിക്കാൻ നിയോഗിച്ച വനംവകുപ്പ് ഉദ്യോഗസ്ഥൻ ഇന്ന് അസമിലേക്ക് പുറപ്പെടും. സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇന്നലെ വൈകിട്ടാണ് യാത്രയ്ക്കുള്ള അനുമതി നൽകിയത്. കോളർ കൈമാറാൻ അസം ചീഫ് വൈൽഡ് ലൈഫ് വാർഡനും ഉത്തരവിട്ടതോടെയാണ് ഇത് വാങ്ങാൻ ഉദ്യോഗസ്ഥർ ഇന്ന് അസമിലേക്ക് പോകുന്നത്.
വ്യാഴാഴ്ചയോടെ കോളർ ഇവിടെ എത്തിച്ചേക്കും. അതിന് ശേഷം മോക്ഡ്രിൽ, ദൗത്യം എന്നിവ നടത്തുന്നതിനുള്ള തിയതി തീരുമാനിക്കും. പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ നൽകിയ ഹർജിയിൽ ഹൈക്കോടതി സ്വീകരിക്കുന്ന തുടർനിലപാട് അനുസരിച്ചായിരിക്കും ദൗത്യസംഘം തുടർനടപടി സ്വീകരിക്കുന്നത്.












