മ്യാൻമറിൽ പട്ടാളഭരണം എതിർക്കുന്ന പ്രദേശങ്ങളിൽ രൂക്ഷമായ വ്യോമാക്രമണവുമായി സൈന്യം. നൂറിലധികം ആളുകളാണ് കഴിഞ്ഞ ദിവസം സാംഗിംഗ് മേഖലയിലുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ആഭ്യന്തര കലഹം രൂക്ഷമായ മ്യാൻമറിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.
2021ൽ അട്ടിമറിയിലൂടെ സൈന്യം ഭരണം ഏറ്റെടുത്തതിന് പിന്നാലെയാണ് മ്യാൻമറിൽ ആഭ്യന്തര യുദ്ധം രൂക്ഷമായത്. സൈനികഭരണത്തെ എതിർക്കുന്നവരാണ് ആക്രമണത്തിന് ഇരയാകുന്നവരിൽ ഭൂരിഭാഗവും. ഇന്നലെ സാഗിംഗ് മേഖലയിലെ കാണ്ഡ് ബലു എന്ന വിമത ഗ്രാമം ലക്ഷ്യമിട്ടായിരുന്നു സൈന്യത്തിന്റെ ആക്രമണം. പട്ടാളഭരണത്തെ എതിർക്കുന്നവർ പങ്കെടുക്കുന്ന ഒരു ചടങ്ങ് ഇന്നലെ ഗ്രാമത്തിൽ നടന്നിരുന്നു. ഇതിൽ പങ്കെടുക്കാനെത്തിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രണ്ട് ബോംബുകൾ വർഷിച്ചതിന് പിന്നാലെ ഹെലികോപ്റ്ററിൽ നിന്ന് ആളുകൾക്ക് നേരെ വെടിയുതിർക്കുകയാിരുന്നു. മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഗ്രാമത്തിൽ വെടിമരുന്നും മൈനുകളും സൂക്ഷിക്കുന്ന സ്ഥലത്തും വ്യോമാക്രമണം ഉണ്ടായി. ആക്രമണം നടന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. നിരവധി മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ് കിടക്കുന്നതും, കെട്ടിടങ്ങൾ തകർന്നതും ദൃശ്യങ്ങളിൽ കാണാം.
ഓങ് സാൻ സുകിയെ പുറത്താര്രി 2021ലാണ് സൈന്യം അധികാരം പിടിക്കുന്നത്. തുടർന്ന് നടന്ന ആഭ്യന്തര യുദ്ധങ്ങളില് ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടിരുന്നു. 14 ലക്ഷത്തോളം ആളുകൾ ഇന്നും അഭയാർത്ഥികളാണ്. ഭരണം പിടിച്ചതിന് ശേഷം അറുന്നൂറിലധികം വ്യോമാക്രമണങ്ങൾ സൈന്യം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Discussion about this post