കൊച്ചി : ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി പോലീസ് അതോറിറ്റിയുടെ നിർദ്ദേശത്തിന്റെയോ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി ലഭിക്കുന്ന പരാതിയുടെയോ അടിസ്ഥാനത്തിലാണെന്ന് ഫെഡറൽ ബാങ്ക്. സൈബർ കുറ്റകൃകത്യങ്ങൾക്ക് തടയിടുന്നതിനും തട്ടിപ്പിന് ഇരയായവർക്ക് ഉടനടി പരാതി ബോധിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാരിന്റെ ആഭ്യന്തര വകുപ്പിന് കീഴിൽ രൂപീകരിച്ച സംവിധാനമാണ് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ.
സൈബർ തട്ടിപ്പിന് ഇരയായ വ്യക്തി പോർട്ടലിൽ രേഖപ്പെടുത്തുന്ന പരാതിയുടെ മേൽ തുടർനടപടികൾ കൈക്കൊള്ളുന്നത് ബന്ധപ്പെട്ട സംസ്ഥാന പോലീസാണ്. തുക കൈമാറ്റം ചെയ്തതായി പരാതിയിൽ നൽകിയിട്ടുള്ള അക്കൗണ്ട് നമ്പർ കൂടാതെ പ്രസ്തുത അക്കൗണ്ട് നമ്പറിൽ നിന്നു പണം കൈമാറ്റം ചെയ്തിട്ടുള്ള മറ്റ് അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നിർദേശമാണ് ബാങ്കുകൾക്ക് സംസ്ഥാന പോലീസ് നൽകാറുള്ളത്.
പോലീസ് നിർദേശപ്രകാരം ബാങ്ക് നടപടി എടുക്കുകയും ഇക്കാര്യം യഥാസമയം ബ്രാഞ്ചിനെയും ഇടപാടുകാരനെയും അറിയിക്കുകയും ചെയ്യാറുണ്ട്. യുപിഐ സംവിധാനം ഉപയോഗിച്ച് ഇടപാടുകൾ നടത്തിയ അക്കൗണ്ടുകൾ മാത്രമല്ല നെഫ്റ്റ്/ആർടിജിഎസ്/ അക്കൗണ്ട് ട്രാൻസ്ഫർ/ചെക്ക് തുടങ്ങിയവ ഉപയോഗിച്ച് ഇടപാടുകൾ നടത്തിയ അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നിർദേശങ്ങൾ ലഭിക്കാറുണ്ട്.
ഇത്തരം നിർദേശങ്ങൾ ബാങ്കിന് അവഗണിക്കാൻ കഴിയില്ലെന്നും ഇടപാടുകാർക്ക് പരാതിയുടെ വിവരങ്ങളും ബന്ധപ്പെടേണ്ട ഓഫിസിന്റെ ഫോൺ, ഇമെയിൽ തുടങ്ങിയവ കൈമാറുന്നുണ്ടെന്നും ഫെഡറൽ ബാങ്ക് അധികൃതർ വ്യക്തമാക്കി.
അക്കൗണ്ടുകൾ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മീഡിയ വൺ ചാനലിൽ വാർത്തകൾ വന്നിരുന്നു. ഇതിൽ പ്രതികരിച്ചുകൊണ്ടാണ് ഫെഡൽ ബാങ്കിന്റെ വിശദീകരണം.
Discussion about this post