ഗുവാഹട്ടി : അസമിൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന എയിംസ് ആശുപത്രിയുടെ ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 14 ന് മോദി ഉദ്ഘാടനം ചെയ്യുന്ന ആശുപത്രിയുടെ വിവിധ ദൃശ്യങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഇത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആരോഗ്യ മേഖലയെ വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി കുറിച്ചു.
എയിംസ് ആശുപത്രിയുടെ ആകാശ ദൃശ്യവും, അകത്തുള്ള മറ്റ് സംവിധാനങ്ങളുടെ ദൃശ്യവുമാണ് ഇതിലുളളത്. 1123 കോടി രൂപ ചെലവിലാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്. രോഗികൾക്കായി ആധുനിക സൗകര്യങ്ങളോടെ 750 കിടക്കകളും വിദ്യാർത്ഥികളുടെ പഠനത്തിനായി 100 എംബിബിഎസ് സീറ്റുകളും ഉണ്ടായിരിക്കും.
എയിംസ് ഗുവാഹട്ടി കൂടാതെ അസമിൽ മൂന്ന് മെഡിക്കൽ കോളേജുകൾ കൂടി അദ്ദേഹം ഉദ്ഘാടനം ചെയ്യും. നൽബാരി, കൊക്രജാർ, നാഗോൺ എന്നീ മെഡിക്കൽ കോളേജുകളുടെ ഉദ്ഘാടനമാകും നിർഹവിക്കുക. എല്ലാ മെഡിക്കൽ കോളേജുകളിലും 500 കിടക്കകളും 100 എംബിബിഎസ് സീറ്റുകളും ഉണ്ടായിരിക്കും.
ഗുവാഹട്ടി ഐഐടിയ്ക്കടുത്ത് 600 കോടി രൂപ ചെലവിൽ നിർമിക്കുന്ന അസം അഡ്വാൻസ്ഡ് ഹെൽത്ത് ഇന്നോവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എഎഎച്ച്ഐഐ) തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. അസം സർക്കാരും ഓയിൽ ഇന്ത്യ ലിമിറ്റഡും സംയുക്തമായി 1,709 കോടി രൂപ ചെലവിൽ വികസിപ്പിച്ച അസം പെട്രോ-കെമിക്കൽസ് ലിമിറ്റഡിന്റെ 500 ടിപിഡി മെഥനോൾ പ്ലാന്റ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. ശിവസാഗറിലെ 100 കോടിയോളം രൂപ ചെലവിൽ നിർമ്മിക്കുന്ന റോങ് ഘർ സൗന്ദര്യവൽക്കരണ പദ്ധതിയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.
3,197 കോടി രൂപ മുതൽമുടക്കിൽ ബ്രഹ്മപുത്ര നദിക്ക് മുകളിലൂടെ നിർമ്മിക്കുന്ന പാലാഷ്ബാരിയെയും സുവൽകുച്ചിയെയും ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. സരുസജായി സ്റ്റേഡിയത്തിൽ നടക്കുന്ന ബിഹു ആഘോഷത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
Discussion about this post