Procrastination എന്ന ഇംഗ്ലീഷ് പദത്തിന്റെ അര്‍ത്ഥമറിയാമോ. ചെയ്യേണ്ട കാര്യങ്ങള്‍- അത് ജോലിസംബന്ധമോ വ്യക്തിപരമോ ആയ ഉത്തരവാദിത്തങ്ങളോ കടമകളോ ആയിക്കൊള്ളട്ടെ, അത് ചെയ്യാതെ നീട്ടിക്കൊണ്ടുപോകുന്നതിനെയാണ് procrastination എന്ന് പറയുന്നത്. അയ്യോ ഈ കാര്യം ചെയ്യാനുണ്ടല്ലോ, എങ്ങനെ ചെയ്യും എന്ന് ചിന്തിച്ച്, എന്നാൽ പിന്നെ ചെയ്യാം എന്ന തീരുമാനത്തിലെത്തുന്ന ആ ചുരുങ്ങിയ സമയം നമ്മുടെ ജീവിതത്തില്‍ വളരെ പ്രധാനമാണ്. ഇങ്ങനെ കാര്യങ്ങള്‍ അല്ലെങ്കില്‍ ഉത്തരവാദിത്തങ്ങള്‍ നീട്ടിക്കൊണ്ടുപോകുന്നത് ഒരിക്കലും ഒരു വ്യക്തിക്ക് ഗുണകരമല്ല. ഈ ദുഃശ്ശീലത്തെ അതിജീവിക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ മനസുവെച്ചാല്‍ പതുക്കെ പതുക്കെ അത് മാറ്റിയെടുക്കാന്‍ നിങ്ങള്‍ക്കാകും. അതിന് സഹായിക്കുന്ന ചില നുറുങ്ങുവിദ്യകളാണ് താഴെ.
ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക
ഒരു കാര്യം പിന്നത്തേക്ക് മാറ്റിവെക്കുന്ന ശീലത്തെ മറികടക്കാനുള്ള ഏറ്റവും മികച്ച വഴി ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് അല്ലെങ്കില്‍ കാര്യക്രമം തയ്യാറാക്കുക എന്നതാണ്. ചെയ്യേണ്ടുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഒന്നിന് പിറകേ ഒന്നായി ചെയ്യാനും അത്തരമൊരു ലിസ്റ്റ് സഹായിക്കും. ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള ഈ പ്ലാനിംഗ് വളരെ പ്രായോഗികവും പ്രയോജനകരവുമാണെങ്കിലും അതുകഴിഞ്ഞ് അവയോരോന്നായി ചെയ്തുതുടങ്ങുകയെന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ചിന്തയല്ല, പ്രവൃത്തിയാണ് പ്രധാനം
ചെയ്യാനുള്ള ഒരു കാര്യത്തെ കുറിച്ച് കുറേനേരം ആലോചിച്ച് ഇരുന്നിട്ട് യാതൊരു പ്രയോജനവും ഇല്ല. പകരം അക്കാര്യം ചെയ്തുതീര്‍ക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുക. എല്ലാദിവസവും ചെയ്യാനുള്ള കാര്യങ്ങളെ കുറിച്ച് ഏറെ ചിന്തിക്കുകയും എന്നാല്‍ അതിനുവേണ്ടി ഒരു കാര്യം പോലും ചെയ്യാതിരിക്കുകയും ചെയ്താല്‍ അത് ഒരിക്കലും നേടിയെടുക്കാനാകാത്ത കാര്യമായി അവശേഷിക്കും. പകരം ഒരു കാര്യം നേടിയെടുക്കാനുണ്ടെങ്കില്‍ അതിന് വേണ്ടി ഇപ്പോള്‍ എന്തുചെയ്യാന്‍ കഴിയുമോ അത് ചെയ്യുക.
മുന്‍ഗണനാക്രമം പ്രധാനം
പ്രാധാന്യവും ആദ്യം തീര്‍ക്കേണ്ടതും അനുസരിച്ച് ചെയ്യേണ്ട കാര്യങ്ങളുടെ മുന്‍ഗണനാക്രമം തീരുമാനിക്കുക. അടിയന്തരമല്ലാത്ത കാര്യങ്ങളില്‍ വെറുതേ സമയം കളയുന്നത് ഒഴിവാക്കാന്‍ അത് വളരെ പ്രധാനമാണ്. ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു ദൗത്യം ആദ്യം ചെയ്യുന്നത് മാനേജ്‌മെന്റ് മികവിന് തെളിവാണ്. മാത്രമല്ല, കാര്യങ്ങള്‍ പിന്നത്തേക്ക് നീട്ടുക്കൊണ്ടുപോകുന്ന ശീലത്തിനെതിരായ ഏറ്റവും വലിയ ആയുധവും മുന്‍ഗണനാക്രമം തയ്യാറാക്കലും ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ ആദ്യം തീര്‍ക്കലുമാണ്.
പലകാര്യങ്ങളില്‍ വ്യാപൃതരാകാതെ, ഒരു കാര്യത്തിന് മുഴുവന്‍ ശ്രദ്ധയും കൊടുക്കൂ
എല്ലാകാര്യങ്ങളും ഒരുമിച്ച് തുടങ്ങിവെക്കാമെന്ന് കരുതുന്നത് മണ്ടത്തരമാണ്. മുന്‍ഗണനാക്രമം അനുസരിച്ച് ഒരുസമയത്ത് ഒന്നെന്ന രീതിയില്‍ പൂര്‍ണ്ണശ്രദ്ധയും അതിലര്‍പ്പിച്ച് മുന്നേറുക. അങ്ങനെയെങ്കില്‍ വളരെ എളുപ്പത്തില്‍ ഓരോന്നോരോന്നായി തീര്‍ക്കാന്‍ കഴിയും.
കൃത്യതയാര്‍ന്ന ലക്ഷ്യങ്ങള്‍
ഓരോ കാര്യം ചെയ്യുമ്പോഴും അതിലൂടെ നമ്മള്‍ എന്ത് ലക്ഷ്യമാണ് നേടാന്‍ പോകുന്നതെന്ന തികഞ്ഞ ബോധ്യം ഉണ്ടായിരിക്കണം. ആ ലക്ഷ്യത്തിനനുസരിച്ച് വേണം അക്കാര്യം ആസൂത്രണം ചെയ്യാനും നേടിയെടുക്കാനും. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ശ്രദ്ധ വഴുതിപ്പോകുന്നത് തടയാനും ഉത്സാഹത്തോടെയിരിക്കാനും ലക്ഷ്യങ്ങള്‍ സഹായിക്കും. മാത്രമല്ല, ലക്ഷ്യങ്ങളെ കുറിച്ച് തികഞ്ഞ ബോധ്യമുള്ളയാള്‍ക്ക് കാര്യങ്ങള്‍ നീട്ടിക്കൊണ്ടുപോകാനാകില്ല.
ഏകാഗ്രതയ്ക്ക് ഇടവേളകളും ആവശ്യമാണ്
ഒന്നിനുപിറകേ ഒന്നായി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ മടുപ്പ് ഉണ്ടാകുക സ്വാഭാവികമാണ്. ആ മടുപ്പ് പിന്നീട് മടിയായി വളരുമെന്ന് ഓര്‍ക്കുക. ഇടവേളകള്‍ എടുക്കുകയാണ് ഇതൊഴിവാക്കാനുള്ള മാര്‍ഗ്ഗം. ഏകാഗ്രത നിലനിര്‍ത്താനും മടുപ്പ് ഇല്ലാതാക്കാനും ഇടവേളകള്‍ സഹായിക്കും.













Discussion about this post