ആയിരത്തിത്തൊള്ളായിരത്തി എൺപതുകളുടെ അവസാനം.അക്കാലത്ത് കോഴിക്കോട് ബീച്ചിലെ പതിവു സന്ദർശകനായിരുന്നു ഗിരീഷ് എന്ന ആ ചെറുപ്പക്കാരൻ.ആ ചെറുപ്പക്കാരന് അന്ന് കടലിലെ തിരയെണ്ണാൻ കൂട്ടിനുണ്ടായിരുന്നത് രഞ്ജിത് എന്ന സുഹൃത്തായിരുന്നു.മനോഹരമായി കവിതകൾ എഴുതുമായിരുന്ന ഗിരീഷിനോട് ബാബുരാജിന്റെ സംഗീതത്തെക്കുറിച്ച്…ആലാപനത്തെക്കുറിച്ച്…ആ സുഹൃത്ത് വാതോരാതെ പറഞ്ഞുകൊണ്ടേയിരുന്നു.
ഒരു ഘട്ടമെത്തിയപ്പോൾ ഗിരീഷ് ചോദിച്ചു…
“നിനക്കിപ്പൊ എന്താ മോഹം?”
അയാൾ മറുപടി പറഞ്ഞു…
“എനിയ്ക്കിപ്പോൾ ബാബുക്കാടെ ശബ്ദം കേൾക്കാൻ തോന്നുന്നു .”
മറുപടിയൊന്നും പറയാതെ അയാളെയും കൂട്ടി ഗിരീഷ് ഒരു വീട്ടിൽ ചെന്നുകയറി.
ആ കുടുംബത്തിന്റെ നാഥൻ ഒരപകടത്തിന്റെ അവശേഷിപ്പുകളുമായി കുറച്ച് കാലമായി തളർന്നുകിടക്കുകയായിരുന്നു
അവർ അവിടെയിരുന്ന് ബാബുരാജിന്റെ പാട്ടുകൾ കേട്ടു…
ചായ കുടിച്ചു…
ഏറെ നേരം സംസാരിച്ചു.
പിന്നീട് ഗിരീഷ് ഇല്ലാതെയും അയാൾ പലപ്പോഴായി ആ വീട്ടിൽ കയറിച്ചെന്നു.ആ വീട്ടുകാർക്ക് രഞ്ജിത് അന്യനല്ലാതായി… രഞ്ജിത്തിന് അത് സ്വന്തം വീടായും തോന്നി.
ഒരു നാൾ രഞ്ജിത്ത് അവിടുത്തെ ഗൃഹനാഥനായ രാജുവിനോട് പറഞ്ഞു..
“ഞാനിവിടുന്ന് വിലപ്പെട്ട ഒരു സാധനം മോഷ്ടിച്ചിട്ടുണ്ട്. ”
ചിരിച്ചുകൊണ്ട് രാജു സഹധർമ്മിണി ലക്ഷ്മിയോട് ചോദിച്ചു..
“എടോ…ഇവിടെ നമ്മളേക്കാൾ വില പിടിച്ചതെന്താണുള്ളത്?”
മറുപടിയായി രഞ്ജിത്ത് , അടുക്കി വെച്ച ഒരു കെട്ട് കടലാസെടുത്ത് അവർക്കു നേരെ നീട്ടി.സമയമെടുത്ത് അവരത് വായിച്ചുതീർത്തു.ഗൃഹനാഥൻ ഒരു ദീർഘനിശ്വാസമെടുത്ത് വൈകാരികമായി പറഞ്ഞു.
“ഇത് ഞങ്ങടെ കഥയാണല്ലോ രഞ്ജീ…”
“അതെ രാജുവേട്ടാ…” രഞ്ജിത് മൊഴിഞ്ഞു.
രാജുവിന്റെ അനുവാദത്തോടെ രഞ്ജിത് ആ കഥ എഴുതി പൊലിപ്പിച്ചു.
ഒരു നാൾ നടൻ അഗസ്റ്റിൻ ഈ കഥയെപ്പറ്റി മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഐ വി ശശിയോട് പറഞ്ഞു.
ആദ്യമൊക്കെ ഉഴപ്പാൻ ശ്രമിച്ച കഥാകാരൻ അവസാനം സ്നേഹപൂർവ്വമുള്ള നിർബന്ധത്തിൽ ട്രാക്കിൽ വീണു.അങ്ങനെ ആ കഥ ഒരു തിരക്കഥയായി.ആ കഥയ്ക്ക് തിരക്കഥയും സംഭാഷണവുമൊരുക്കിയത് രഞ്ജിത് തന്നെ .അന്ന് ബീച്ചിൽ നിന്നും രഞ്ജിത്തിനെ രാജുവിന്റെ വീട്ടിൽ കൊണ്ടുപോയ സുഹൃത്ത് ഈ കഥയ്ക്ക് പറ്റിയ ഗാനങ്ങളൊരുക്കിഗിരീഷ് പുത്തഞ്ചേരി.
വി ബി കെ മേനോൻ തൊണ്ണൂറ്റിയഞ്ച്ലക്ഷം രൂപ മുടക്കി നിർമ്മാതാവായും ഐ വി ശശി സംവിധായകനായും അതു വഴി ഈ കഥയൊരു സിനിമയായും രൂപപ്പെട്ടു.
#ദേവാസുരം
മുല്ലശ്ശേരി രാജുവും സഹധർമ്മിണി ലക്ഷ്മി രാജഗോപാലും ഒരു നാൾ സിനിമ കണ്ടതിനു ശേഷം ആ ടീമിനോട് സന്തോഷം പങ്കുവെച്ചു.
സിനിമയിലെ നീലകണ്ഠനായ മോഹൻലാലിനെയും സ്രഷ്ടാവായ രഞ്ജിത്തിനെയും നോക്കി ജീവിതത്തിലെ നീലകണ്ഠൻ പറഞ്ഞു..
“നിങ്ങടെ നായകൻ നീലകണ്ഠൻ എന്റെയത്ര മോശക്കാരനല്ല…അയാൾ താരതമ്യേന മാന്യനാണല്ലോടോ.”
യഥാർത്ഥ ഭാനുമതിയായ ലക്ഷ്മി രാജഗോപാൽ തന്റെ ഭർത്താവിന്റെ കമന്റ് കേട്ട് പൊട്ടിച്ചിരിച്ചു.
1993 ഏപ്രിൽ 13നാണ് ചിത്രം റിലീസായത്.മുണ്ടയ്ക്കലെ ഉത്സവം കലക്കി സ്ക്രീനിൽ ആരംഭിച്ച ചിത്രം കേരളക്കരയ്ക്കാകെ ഒരു ഉത്സവമായി മാറി.
ആ ഉത്സവം ഇന്നും അതേ തനിമയോടെ അതേ പൊലിമയോടെ നിലനിൽക്കുന്നു.ധിക്കാരിയും ചട്ടമ്പിയും , ഒരു ‘ഫ്യൂഡൽ തെമ്മാടി’യുമായി വേഷമിട്ട മോഹൻലാൽ ശരാശരി മലയാളിയുവത്വത്തിന്റെ മനസ്സിൽ പൗരുഷത്തിന്റെ പ്രതീകമായി മാറി.പത്തോ നൂറോ ആയിരമോ പേർ ചേർന്നുനിൽക്കുന്ന ഒരു കൂട്ടത്തെ പൂർണ്ണതയോടെ ഫ്രെയ്മിലൊതുക്കാൻ.അന്നും ഇന്നും ഒരൊറ്റഐ വി ശശിയേയുള്ളൂ എന്നത് ദേവാസുരത്തിലെ ക്ലൈമാക്സ് സീൻ സാക്ഷ്യപ്പെടുത്തുന്നു.
മോഹൻലാലും രേവതിയും ഇന്നസെന്റുംനെടുമുടി വേണുവും പരസ്പരം മൽസരിച്ചഭിനയിച്ചപ്പോൾ നീലകണ്ഠന്റെ പട്ടാളമായി മണിയൻ പിള്ള രാജു , ശ്രീരാമൻ , അഗസ്റ്റിൻ , രാമു എന്നിവർ കട്ടയ്ക്ക് നിന്നു.
ലാലിന്റെ നിർദ്ദേശമായിരുന്നു ശേഖരനായി നെപ്പോളിയനെ വരുത്താം എന്നത് .നെപ്പോളിയന്റെ രൂപവും ഭാവവും , ഒപ്പം ഷമ്മി തിലകന്റെ ശബ്ദവും ചേർന്നപ്പോൾ ശേഖരൻ നീലാണ്ടന് ചേർന്ന വില്ലനായി.
ഒന്നോ രണ്ടോ സീനിൽ വന്നു പോയ ചിത്രയും ജോസ് പ്രകാശും കൊച്ചിൻ ഹനീഫയും ഭീമൻ രഘുവും ശ്രീനാഥും ശങ്കരാടിയും ഇന്നും തിളങ്ങിനിൽക്കുന്നു.
‘ഫ്യൂഡൽ തെമ്മാടി’ എന്ന ഒരൊറ്റ പ്രയോഗത്തിലൂടെ ഡൽഹി ഗണേഷും തോളിൽ തൂക്കിയ ഇടയ്ക്ക അകമ്പടിയാക്കി നാവാമുകുന്ദന് നിവേദിച്ചതിന്റെ ബാക്കി “വന്ദേ മുകുന്ദ ഹരേ “പാടിയ ഒടുവിൽ ഉണ്ണികൃഷ്ണനും ഇരുപത്തിയേഴ് വർഷങ്ങൾക്കിപ്പുറവും ചിരഞ്ജീവികളായി നിലകൊള്ളുന്നു.
“കേമം… ന്ന്വെച്ചാ ബഹുകേമം” നീലകണ്ഠന്റെ തുടക്കം ഈ വാചകത്തിലാണ്.
പിന്നെ മലയാളി നെഞ്ചിലേറ്റിയ… ഇന്നും സൗഹൃദസദസ്സുകളിൽ ആവർത്തിയ്ക്കുന്ന സംഭാഷണങ്ങളുടെ ഒരു ഒഴുക്കായിരുന്നു.
“ഇഞ്ചിയെങ്കീ ഇഞ്ചി”
“മേലേടത്തെ പറമ്പ്.. ല്ലേ വാര്യരെ…?”
“പറമ്പോ പാടമോ ?എത്രയേക്കറ് വേണം?”
“നാലാളിന്റെ ബലവും ഇരുട്ടിന്റെ മറയുമില്ലാതെ….”
“അപ്പു മാഷ്…ഇയാളേത് സ്കൂളിലെ മാഷാ?”
“ഇതാണല്ലേ അപ്പു മാഷ്ടെ മകൾ ? തഞ്ചാവൂർ ഷൺമുഖം പിള്ളേടെ ശിഷ്യ ?”
രഞ്ജിത്തിന്റെ തൂലിക ചൊരിഞ്ഞിട്ട അക്ഷരങ്ങൾ… ആ വരികൾ…അവയിന്നും നമ്മുടെ കാതിൽ മുഴങ്ങുന്നുണ്ട്.മംഗലശ്ശേരി മാധവമേനോന്റെ മകൻ നീലകണ്ഠനും , മംഗലശ്ശേരിയായി മാറിയ വരിക്കാശ്ശേരി മനയും ഇന്നും മലയാളികളുടെ
മനസ്സിൽ തലയെടുപ്പോടെ നിൽക്കുന്നു…!
Discussion about this post