വടക്കാഞ്ചേരി: ഭക്ഷണം പാഴാക്കുന്ന ജീവനക്കാർക്ക് പിഴ ഏർപ്പെടുത്തി വടക്കാഞ്ചേരി നഗരസഭ. കൊണ്ടുവരുന്ന ഉച്ചഭക്ഷണം മുഴുവൻ കഴിക്കാതെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കുന്ന ജീവനക്കാർക്കാണ് പിഴ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി.
ഭക്ഷണം പാഴാക്കിക്കളയുന്നത് ഒരു കാരണവശാലും അനുവദനീയമല്ല. ചോറ്, കറികൾ തുടങ്ങി ഏതൊരു ഭക്ഷണവും മുഴുവൻ കഴിക്കാതെ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നത് കണ്ടെത്തുന്ന പക്ഷം ഉത്തരവാദികളായ ജീവനക്കാരിൽ നിന്നും 100 രൂപ പിഴയായി ഈടാകുമെന്നാണ് ഉത്തരവിൽ പറയുന്നത്. ഭക്ഷണ ശേഷം അവശേഷിക്കുന്ന എല്ല്, മുള്ള് തുടങ്ങിയവയും വേപ്പില, മുരിങ്ങക്കായ, ചണ്ടി തുടങ്ങി ഭക്ഷണമായി വിഴുങ്ങുവാൻ സാധിക്കാത്തവയും മാത്രമേ ബിന്നിൽ ഉപേക്ഷിക്കാവൂ എന്നും ഉത്തരവിൽ പറയുന്നു.
ഉത്തരവ് നടപ്പാക്കുന്നതിനായി നഗരസഭാ ഹെൽത്ത് സൂപ്പർവൈസറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓഫീസിൽ മാത്രമല്ല, വീട്ടിലും ഭക്ഷണം പാഴാക്കിക്കളയരുത് എന്ന ഉപദേശവും ഉത്തരവിലുണ്ട്.
Discussion about this post